ബാങ്കോക്ക്: ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണവും നാല് വെള്ളിയും ഏഴു വെങ്കലവും. പുരുഷന്‍മാരുടെ 52 കിലോഗ്രാം വിഭാഗത്തില്‍ അമിത് പങ്കലാണ് ഇന്ത്യക്ക് ആദ്യ സ്വര്‍ണമെഡല്‍ സമ്മാനിച്ചത്. പിന്നീട് വനിതകളുടെ 81 കിലോഗ്രാം വിഭാഗത്തില്‍ പൂജാറാണിയും ഇന്ത്യക്കായി സ്വര്‍ണം നേടി. 

ദക്ഷിണ കൊറിയന്‍ താരം കിം ഇന്‍ക്യൂവിനെ 5-0ത്തിന് തോല്‍പ്പിച്ചായിരുന്നു അമിതിന്റെ സ്വര്‍ണനേട്ടം. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും അമിത് സ്വര്‍ണം നേടിയിരുന്നു. ലോകചാമ്പ്യന്‍ വാങ് ലിനയെ വീഴ്ത്തിയായിരുന്നു പൂജാ റാണി ഇന്ത്യക്ക് രണ്ടാം സ്വര്‍ണം സമ്മാനിച്ചത്.

പുരുഷന്‍മാരുടെ 49 കിലോഗ്രാം വിഭാഗത്തില്‍ ദീപക് സിങ്, 56 കിലോഗ്രാം വിഭാഗത്തില്‍ കര്‍വീന്ദര്‍ സിങ്ങ് ബിഷ്ട്, 75 കിലോഗ്രാം വിഭാഗത്തില്‍ ആശിഷ് കുമാര്‍, വനിതകളുടെ 64 കിലോഗ്രാം വിഭാഗത്തില്‍ സിമ്രാന്‍ജീത് കൗര്‍ എന്നിവരാണ് വെള്ളി നേടിയത്. 

ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ ഉസ്‌ബെകിസ്താന്റെ മിരാസിബെക് മിര്‍സാഹലിലോവിനോടാണ് കര്‍വീന്ദര്‍ സിങ്ങ് തോറ്റത്. നിലവിലെ ലോക ചാമ്പ്യനായ ഡൗ ഡാനിനോടായിരുന്നു സിമ്രാന്‍ജിതിന്റെ തോല്‍വി. ഉസ്‌ബെകിസ്താന്റെ നോദിര്‍ജോന്‍ മിര്‍സാനെദോവാണ് ദേശീയ ചാമ്പ്യനായ ദീപക് സിങ്ങിനെ തോല്‍പ്പിച്ചത്. 

Content Highlights: Amit Panghal and Pooja Rani win gold at Asian Boxing Championships