പോരാട്ടത്തിന്റെ വീറും വാശിയും മാത്രം കണ്ട അത്‌ലറ്റിക് ട്രാക്കില്‍ സ്‌നേഹം കൊണ്ട് ഹൃദയം കീഴടക്കിയിരിക്കുകയാണ് ഇംഗ്ലീഷുകാരനായ ട്രയാത്തലണ്‍ താരം അലിസ്റ്റയര്‍ ബ്രൗണ്‍ലി. ഇംഗ്ലണ്ടിലെ മെക്‌സിക്കോയില്‍ നടന്ന വേള്‍ഡ് ട്രയാത്തലണ്‍ സീരിസാണ് അലിസ്റ്റയര്‍ ബ്രൗണ്‍ലിയുടെ പരസ്‌നേഹത്തിന് സാക്ഷ്യം വഹിച്ചത്. 

ഫിനിഷിങ് ലൈനിലേക്ക് ഒന്നാമതായി കുതിക്കെ അലിസ്റ്റയറിന്റെ സഹോദരന്‍ ജോണി കടുത്ത ചൂടു മൂലം തളര്‍ന്ന് വീഴുകയായിരുന്നു. പിന്നാലെയെത്തിയ അലിസ്റ്റയര്‍ സഹോദരനെ തോളോട് ചേര്‍ത്ത് പിടിച്ച് ഫിനിഷിങ് ലൈനിലെത്തിച്ചു. തന്നേക്കാള്‍ മുന്‍പെ മത്സരം പൂര്‍ത്തിയാക്കാനായി ഫിനിഷിങ് ലൈനിലേക്ക് അലിസ്റ്റയര്‍ ജോണിയെ തള്ളി വിടുകയും ചെയ്തു.

ഇതിനിടയില്‍ ദക്ഷിണാഫ്രിക്കന്‍ താരമായ ഹെന്റി സ്‌കീമാന്‍ ഇരുവരെയും മറികടന്നു ഒന്നാമതെത്തി. പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ ജോണിയെ ഫിനിഷിങ് ലൈനിലെത്തിക്കുന്നതിലായിരുന്നു അലിസ്റ്റയറിന്റെ ശ്രദ്ധ. റിയോ ഒളിമ്പിക്‌സില്‍ ബ്രൗണ്‍ലി സഹോദരന്‍മാര്‍ക്ക് പിറകില്‍ വെങ്കലം നേടിയ താരമാണ് ഹെന്റി സ്‌കീമാന്‍.

''എന്റെ സഹോദരനോട് ഞാന്‍ എല്ലാവരും ചെയ്യുന്നത് പോലെ മനുഷ്യത്വം കാണിച്ചു. ആ സ്ഥാനത്ത് എന്റെ സഹോദരന് പകരം ആരായിരുന്നെങ്കിലും അത് തന്നെയാകും ഞാന്‍ ചെയ്യുക.'' അലിസ്റ്റയറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സിലും ട്രയാത്തലണില്‍ സ്വര്‍ണം നേടിയ അലിസ്റ്റയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നാലും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നും സ്വര്‍ണം നേടിയിട്ടുണ്ട്. ചേട്ടന്റെ വഴിയേ തന്നെ നടന്ന ജോണി ഒളിമ്പിക്‌സില്‍ ഒരു വെള്ളിയും ഒരു വെങ്കലവും ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് സ്വര്‍ണവും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും സ്വന്തമാക്കിയിട്ടുണ്ട്.