ന്യൂഡല്‍ഹി: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ഹോക്കി പുരുഷ ടീമില്‍ അഴിച്ചുപണി. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായാണ് ടീമിലെ മാറ്റങ്ങള്‍. ഇതോടെ നായകനായിരുന്ന മലയാളി താരം പി.ആര്‍ ശ്രീജേഷിനു സ്ഥാനം നഷ്ടമായി. പകരം മന്‍പ്രീത് സിങ്ങിനെ നായകനായി നിയമിച്ചു. ഈ വര്‍ഷം അവസാനം വരെ മന്‍പ്രീത് നായകനായി തുടരുമെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു.

ഇതുകൂടാതെ രണ്ടു സീനിയര്‍ താരങ്ങളെ പുറത്തിരുത്തുകയും ചെയ്തിട്ടുണ്ട്. എസ്.വി സുനില്‍, രുപീന്ദര്‍പാല്‍ സിങ് എന്നിവരാണ് ടീമിന് പുറത്തായ താരങ്ങള്‍. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള 18 അംഗ ഇന്ത്യന്‍ ടീമില്‍ ശീജേഷിനൊപ്പം യുവ ഗോള്‍കീപ്പര്‍ കൃഷന്‍ ബഹാദൂര്‍ പഥക്കിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിഗ്ലെന്‍സനാ സിങ്ങാണ് ഉപനായകന്‍. 

കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ നയിച്ചത് മന്‍പ്രീതായിരുന്നു. ഗെയിംസിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് മന്‍പ്രീതിനെ മാറ്റി ശ്രീജേഷിനെ നിയമിച്ചത്.  

ഒക്ടോബര്‍ 18 മുതല്‍ 25 വരെ മസ്‌കറ്റിലാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് അരങ്ങേറുന്നത്. സര്‍ദാര്‍ സിങ് വിരമിച്ചശേഷം ഇന്ത്യ പങ്കെടുക്കുന്ന പ്രധാന ടൂര്‍ണമെന്റാണിത്. മലേഷ്യ, പാക്കിസ്ഥാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, ഒമാന്‍ എന്നിവരാണ് ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ 18-ന് ഒമാനുമായാണ്. പിന്നാലെ ഭുവനേശ്വറില്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 16 വരെ ഹോക്കി ലോകകപ്പും നടക്കും.