Photo: AFP
ഇപ്പോള്‍ നടക്കുന്ന യു.എസ്.ഓപ്പണ്‍ ടെന്നീസ് കിരീടം നേടാനായാല്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക്ക് ജോക്കോവിച്ചിനെ കാത്തിരിക്കുന്നത് അപൂര്‍വമായ റെക്കോഡുകള്‍. ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ കളിക്കാനില്ലാത്തതുകൊണ്ട് ജോക്കോവിച്ചിനാണ് കിരീട സാധ്യത കൂടുതല്‍.
ഒളിമ്പിക്‌സില്‍ പ്രകടനം മോശമായെങ്കിലും ജോക്കോവിച്ച് അതില്‍ നിന്നും മോചിതനായി ഫോമിലേക്കുയര്‍ന്നിട്ടുണ്ട്. ഇത്തവണ വിജയം നേടാനായാല്‍ മൂന്ന് അപൂര്‍വ റെക്കോഡുകളാണ് താരത്തെ കാത്തിരിക്കുന്നത്.
നിലവില്‍ 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ജോക്കോവിച്ച് യു.എസ്.ഓപ്പണ്‍ കിരീടം നേടിയാല്‍ ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടം 21 ആക്കി ഉയര്‍ത്തും. ഇതോടെ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പുരുഷതാരം എന്ന റെക്കോഡ് ജോക്കോയെ തേടിയെത്തും. നിലവില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍, സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പം റെക്കോഡ് പങ്കിടുകയാണ് താരം.
രണ്ടാമത്തെ റെക്കോഡ് കലണ്ടര്‍ ഇയര്‍ ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടമാണ്. യു.എസ്.ഓപ്പണ്‍ കൂടി ഈ വര്‍ഷം നേടാനായാല്‍ എല്ലാ ഗ്രാന്‍ഡ്സ്ലാം കിരീടവും ജോക്കോവിച്ചിന് സ്വന്തമാകും. നിലവില്‍ ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും താരം സ്വന്തമാക്കിക്കഴിഞ്ഞു. യു.എസ്.ഓപ്പണ്‍ കൂടി നേടുകയാണെങ്കില്‍ 1969 ന് ശേഷം കലണ്ടര്‍ സ്ലാം നേടുന്ന ആദ്യ പുരുഷതാരം എന്ന റെക്കോഡ് ജോക്കോവിച്ച് സ്വന്തമാക്കും. ഇതിനുമുന്‍പ് ഓസ്‌ട്രേലിയയുടെ റോഡ് ലേവറാണ് ഈ നേട്ടം സ്വന്തമാക്കിയത്.
മൂന്നാമത്തെ റെക്കോഡ് യു.എസ്.ഓപ്പണിലെ കൂടുതല്‍ വിജയവുമായി ബന്ധപ്പെട്ടാണ്. യു.എസ്.ഓപ്പണില്‍ മൂന്ന് വിജയങ്ങള്‍ കൂടി നേടിയാല്‍ ജോക്കോവിച്ച് ഇതിഹാസ താരം ആന്ദ്രെ അഗാസിയെ മറികടക്കും. യു.എസ്.ഓപ്പണില്‍ ഏറ്റവുമധികം വിജയം നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അഗാസി. മൂന്ന് വിജയങ്ങള്‍ കൂടി നേടിയാല്‍ ജോക്കോവിച്ച് മൂന്നാം സ്ഥാനത്തേക്ക് ഉയരും. 98 വിജയങ്ങള്‍ അക്കൗണ്ടിലുള്ള ജിമ്മി കോണേഴ്‌സും 82 വിജയങ്ങളുള്ള റോജര്‍ ഫെഡററുമാണ് പട്ടികയില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍.
യു.എസ്.ഓപ്പണില്‍ ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. ജപ്പാന്റെ കെയ് നിഷികോരിയാണ് മൂന്നാം റൗണ്ടില്‍ താരത്തിന്റെ എതിരാളി.
Content Highlights: 3 records World No.1 Novak Djokovic can create at Flushing Meadows
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..