Photo: PTI
ന്യൂയോര്‍ക്ക്: ടെന്നീസ് ലോകത്ത് ഇപ്പോള്‍ അമേരിക്കന്‍ ടീനേജ് താരം കൊക്കോ ഗാഫാണ് പ്രധാന സംസാരവിഷയം. വെറും 19 വയസ്സില്‍ തന്നെ യു.എസ്. ഓപ്പണ്‍ കിരീടം നേടി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ഗാഫ്. സ്വന്തം നാടായ യു.എസ്സിലെ ആര്‍തര്‍ ആഷ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആര്യാന സബലെങ്കയെ വീഴ്ത്തിയാണ് ഗാഫ് ചരിത്രം കുറിച്ചത്.
ഫൈനലില്‍ ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും തളരാതെ പൊരുതിയ ഗാഫ് പക്വതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ സെറ്റ് 2-6 ന് നഷ്ടപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളിലും ആധിപത്യത്തോടെ കളിച്ച് വിജയം നേടാന്‍ താരത്തിന് സാധിച്ചു. രണ്ടാം സെറ്റ് 6-3 ന് സ്വന്തമാക്കിയ ഗാഫ് നിര്‍ണായകമായ മൂന്നാം സെറ്റ് അനായാസം 6-2 ന് സ്വന്തമാക്കി. മത്സരം രണ്ടുമണിക്കൂറും ആറ് മിനിറ്റും നീണ്ടു.
ആറാം സീഡായ ഗാഫ് രണ്ടാം നമ്പര്‍ താരമായ സബലെങ്കയെ ശരിക്കും വിറപ്പിച്ചു. ഈ വിജയത്തോടെ പുതിയൊരു റെക്കോഡും താരം സ്വന്തമാക്കി. ടെന്നീസ് ഇതിഹാസം സെറീന വില്യംസിനുശേഷം യു.എസ്. ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സ് കിരീടം സ്വന്തമാക്കുന്ന കൗമാരതാരം എന്ന റെക്കോഡ് താരം സ്വന്തമാക്കി. ചരിത്രത്തില്‍ ഇതുവരെ മൂന്ന് അമേരിക്കന്‍ കൗമാരതാരങ്ങള്‍ യു.എസ്. ഓപ്പണ്‍ കിരീടം നേടിയിട്ടുണ്ട്. സെറീനയ്ക്കും ഗാഫിനും പുറമേ ട്രാസി ഓസ്റ്റിനും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഗാഫിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണിത്. ഇതിനുമുന്‍പ് 2022 ഫ്രഞ്ച് ഓപ്പണില്‍ താരം ഫൈനലിലെത്തിയിരുന്നു.
Content Highlights: 19-year-old Coco Gauff becomes first teenager since Serena Williams in 1999 to win the US Open crown
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..