ശിഖ ആരെയും കാണുന്നില്ല. ടാർഗറ്റിലെ കറുത്ത പോയിന്റ് മാത്രമേ കാണുന്നുള്ളൂ. കറങ്ങുന്ന കൂട്ടിലെ ഒറ്റവാതിലിൽക്കൂടി മരക്കിളിയുടെ കഴുത്ത് മാത്രം ലക്ഷ്യംവെച്ച  അർജുനനെപ്പോലെ ശിഖയ്ക്കും ലക്ഷ്യം ഒന്നു മാത്രം, പത്തിൽ പത്ത്. അതിനായി ശിഖ തപസ്സിലാണ്. മനസ്സും ശരീരവും ലക്ഷ്യത്തിൽ ഉറപ്പിച്ച് ക്ഷമയോടെ കാത്തിരിക്കുകയാണ്. ഇന്ത്യക്കുവേണ്ടി ഒരു അന്താരാഷ്ട്ര മെഡൽ, അതാണ് ലക്ഷ്യം.
 
അധികമാരും കൈവെക്കാത്ത ഷൂട്ടിങ്ങിലാണ് ശിഖാ ഉണ്ണി എന്ന 18വയസ്സുകാരി പോരാട്ടത്തിനിറങ്ങിയിട്ടുള്ളത്. തുടക്കം മോശമായില്ല. പരിശീലനം നാലാം വർഷത്തിലേക്കു കടന്നപ്പോൾ കേരളത്തിനുവേണ്ടി ഈവർഷം കൊണ്ടുവന്നത് മൂന്ന് സ്വർണവും ഒരു വെങ്കലവും. ഓഗസ്റ്റ് 22 മുതൽ 27 വരെ ചെന്നൈയിലെ ആവഡിയിൽ  നടന്ന ദക്ഷിണമേഖലാ ഷൂട്ടിങ്ങിലാണ് നേട്ടംകൊയ്തത്. 50 മീറ്റർ പ്രോൺ, 50 മീറ്റർ ത്രീ പൊസിഷൻ എന്നീ ഇനങ്ങളിലായിരുന്നു മിന്നുന്ന പ്രകടനം നടത്തിയത്. പാലക്കാട്ട് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ആറ് മെഡലുകളാണ്സ്വന്തമാക്കിയത്. തിരുവനന്തപുരത്ത്  ഡിസംബറിൽ നടക്കുന്ന ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ദേശീയതാരങ്ങളുമായി മാറ്റുരയ്ക്കാനുള്ള കഠിനപരിശ്രമത്തിലാണ് ശിഖ.
 
ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോത്തെ കുടിയേറ്റകർഷകനായ പാമ്പയ്ക്കൽ ഉണ്ണിയുടെയും ഡാലിയയുടെയും മകളാണ് ഈ മിടുക്കി. നാല് വർഷമായതേയുള്ളൂ ശിഖ ഷൂട്ടിങ്ങിൽ പരിശീലനം തുടങ്ങിയിട്ട്. മലയോരത്തിന്റെ സ്വന്തം ഗെയിമുകളായ വോളിബോളും കബഡിയുമൊക്കെ വിട്ട് ഷൂട്ടിങ്ങിലേക്കു വന്നത് യാദൃച്ഛികമായിട്ടാണ്. നല്ലൊരു റോളർ സ്കേറ്റിങ് താരമായ ശിഖ കണ്ണൂരിൽ നടന്ന ക്യാമ്പിൽ വെച്ചാണ് ഷൂട്ടിങ് പരിചയപ്പെടുന്നത്. ഷൂട്ടിങ്ങിന്റെ കുലപതിയായ ഇടുക്കിക്കാരൻ തോമസ് തോമസ് എന്ന പാപ്പിച്ചിയങ്കിൾ നടത്തിയ ക്യാമ്പിൽ വെച്ചാണ് തോക്ക് ആദ്യമായി കൈയിലെടുക്കുന്നത്. പരിശീലനം നേടിയ കുട്ടികൾ​െക്കാപ്പം മാറ്റുരച്ചപ്പോൾ കിട്ടിയത് രണ്ടാംസ്ഥാനവും ജില്ലാ ടീമിലെ അംഗത്വവും. നൂറിലേറെ മെഡലുകളാണ് രണ്ടിനങ്ങളിലുമായി ശിഖ ഇതുവരെ സ്വന്തമാക്കിയത്.
 
എയർഗൺ ഉപയോഗിച്ചുള്ള ഓപ്പൺ സൈറ്റ് ഇനത്തിലായിരുന്നു ആദ്യം പരിശീലനം. പിന്നീട് പോയിന്റ് 22 ഇനത്തിലേക്കു മാറുകയായിരുന്നു. കണ്ണൂർ ജില്ലയിൽ വെപ്പൺ ലൈസൻസ് ആദ്യമായി സ്വന്തമാക്കിയതും ശിഖ തന്നെ. പീപ് സൈറ്റ് തോക്കും തിരകളും വാങ്ങാൻ വെപ്പൺ ലൈസൻസ് വേണം. നാല് ലക്ഷം മുതൽ മുകളിലോട്ടാണ് തോക്കിന്റെ (വെപ്പൺ) വില.ഷൂട്ടിങ് സമയത്ത് ധരിക്കാൻ പ്രത്യേക ജാക്കറ്റ് വേണം ഇതിനും അരലക്ഷം രൂപയോളം വിലയാകും.
 
 കണ്ണൂരിൽ മികച്ച പരിശീലനത്തിന് അവസരമില്ലാത്തതിനാൽ കോഴിക്കോട്ട് പോയിട്ടാണ് പരിശീലനം നേടിയിരുന്നത്. ശനി, ഞായർ ദിവസങ്ങളിൽ പുലർച്ചെ ട്രെയിനിൽ കോഴിക്കോട്ട് പോയിട്ടാണ് ആദ്യ വർഷങ്ങളിൽ പരിശീലനം നടത്തിയിരുന്നത്. പിന്നീട് ഇടുക്കി ജില്ലാ റൈഫിൾ ക്ലബ്ബിലേക്ക്‌ പരിശീലനം മാറ്റുകയായിരുന്നു.പ്ലസ് ടു പഠനവും അവിടെത്തന്നെയായിരുന്നു. മത്സരങ്ങളിൽ സ്വർണമോ വെള്ളിയോ നേടുന്നതി​െനക്കാൾ പ്രധാനമാണ് ക്വാളിഫിക്കേഷൻ സ്കോർ നേടുകയെന്നത്. പത്തിൽ പത്തും നേടുക, അതാണ്‌ ഓരോ ഷൂട്ടറുടെയും സ്വപ്നം. ദേശീയതലത്തിൽ ഉയർന്ന സ്കോർ നേടി റിനൗൺഡ് ഷൂട്ടർ പദവിയും സ്വന്തമാക്കി. സ്വന്തം പേരിൽ വെപ്പൺ വാങ്ങാനുള്ള ലൈസൻസും ഇതോടെ സ്വന്തമായി. ഇന്ത്യൻ ടീമിലേക്കുള്ള ചവിട്ടുപടിയായ ദേശീയക്യാമ്പിന് രണ്ടു പ്രാവശ്യം യോഗ്യത നേടിയെങ്കിലും പരീക്ഷയായതിനാൽ ക്യാമ്പിൽ പങ്കെടുക്കാനായില്ല.
 
ഒരു ഷൂട്ടർ വേറൊരു വ്യക്തിയോടല്ല മത്സരിക്കുന്നതെന്നും സ്വന്തം സ്കോറിനോടാണ് മത്സരിക്കുന്നതെന്നും ശിഖ പറയുന്നു. അത് മെച്ചപ്പെടുത്തുകയാണ് പ്രധാനം. ആറര കിലോ തൂക്കമുള്ള വെപ്പൺ കൈയിലേന്തി മണിക്കൂറുകളോളം നീളുന്ന മത്സരത്തിൽ പങ്കെടുക്കുകയെന്നത് ക്ലേശകരമാണ്.ശാരീരികക്ഷമതയും ഫിറ്റ്നസും ഏറ്റവും പ്രധാനമാണ്. മാനസികമായ കരുത്ത്‌ അതിലേറെ പ്രധാനം. ശ്വാസം നിയന്ത്രിക്കുന്നതോടൊപ്പം മനസ്സും ലക്ഷ്യത്തിൽ ഉറയ്ക്കണം. മനസ്സിന് വിഷമമോ ദേഷ്യമോ സങ്കടമോ ഒക്കെ ഉണ്ടെങ്കിൽ ലക്ഷ്യം പാളും. ജീവിതത്തിൽ അച്ചടക്കം ഉണ്ടായി എന്നതാണ് പരിശീലനത്തിന്റെ മറ്റൊരു ഗുണമെന്നും ശിഖ പറയുന്നു. ഷൂട്ടിങ്ങിൽ ഇന്ത്യക്കുവേണ്ടി ഒരു അന്താരാഷ്ട്ര മെഡൽ, ഒളിമ്പിക്സിൽ പങ്കെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലേക്കാണ് ശിഖ വെടിയുതിർക്കുന്നത്.
 
റോളർ സ്കേറ്റിങ്ങിൽ അന്താരാഷ്ട്ര മെഡൽ വന്നുകഴിഞ്ഞു. സ്പീഡ് വിഭാഗത്തിൽ അഞ്ച് രാജ്യാന്തര മെഡലുകൾ സ്വന്തമാക്കി. തിരുപ്പൂരിൽവെച്ച് ടീമിനത്തിൽ തുടർച്ചയായി 24 മണിക്കൂർ റിലേ സ്കേറ്റിങ് നടത്തിയതിന് വേൾഡ് റെക്കോഡും ശിഖ ഉൾപ്പെടുന്ന ടീം സ്വന്തമാക്കി. സ്കേറ്റിങ്ങിലെ ഗെയിമായ റോൾബോളിൽ കേരള ടീം ക്യാപ്റ്റനാണ്. മാതാപിതാക്കളാണ് വ്യത്യസ്തമായ വഴി തിരഞ്ഞെടുക്കാൻ പ്രചോദനമായതെന്ന് ശിഖ പറയുന്നു. മുൻ അത്‌ലറ്റും ബാസ്കറ്റ് ബോൾ കളിക്കാരിയുമാണ് അമ്മ ഡാലിയ. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അടുത്ത സ്കൂളിൽ ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ പോയതും ബാസ്കറ്റ് ബോൾ കളികണ്ട് മതിമറന്ന് നിന്നുപോയതും അധ്യാപകർ തിരക്കിവന്നു കണ്ടുപിടിച്ചതുമൊക്കെ ഡാലിയ ഓർക്കുന്നു. അമ്മയുടെ ഏകാഗ്രതയാണ് തനിക്കും ലഭിച്ചതെന്ന് ശിഖ പറയുന്നു. പിതാവ് ഉണ്ണിയും എല്ലാ പ്രോത്സാഹനവും നൽകി ഒപ്പമുണ്ട്. ഏക സഹോദരി തൂഹിൻ ഉണ്ണി ബെംഗളൂരുവിൽ എൻജിനീയറാണ്. ശിഖയ്ക്കൊപ്പം മലയോരവും കാത്തിരിക്കുകയാണ് ഒരു രാജ്യാന്തരസ്വർണമെഡലിന്