-
റാഞ്ചി: കോവിഡ്-19നെത്തുടർന്ന് കളിക്കളങ്ങൾ നിശ്ചലമായെങ്കിലും ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം.എസ് ധോനിക്ക് ഒന്നിനും സമയം തികയാത്ത അവസ്ഥയാണ്. കുസൃതിക്കുടുക്കയായ മകൾ സിവയോടൊപ്പം റാഞ്ചിയിലെ ഫാം ഹൗസിൽ കൂട്ടുകൂടുന്നതിന്റെ തിരക്കിലാണ് ധോനി.
ഫാം ഹൗസിലൂടെ സിവയെ പിന്നിലിരുത്തി ബൈക്കിൽ ചുറ്റിയടിച്ചും വളർത്തുനായ്ക്കളോടൊപ്പം കളിച്ചുമെല്ലാം ധോനി ഒഴിവുസമയം ആനന്ദകരമാക്കുകയാണ്. ഇപ്പോഴിതാ ഒരു പക്ഷിക്കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നിരിക്കുകയാണ് ധോനിയും സിവയും.
ഫാം ഹൗസിൽ തളർന്നുവീണു കിടന്ന പക്ഷിക്കുഞ്ഞിനെ രക്ഷിച്ച കഥ തന്റെ ഇൻസ്റ്റഗ്രാമിൽ സിവ ആരാധകർക്കായി പങ്കുവെയ്ക്കുകയും ചെയ്തു. സിവ ആ കഥ പറയുന്നത് ഇങ്ങനെയാണ്...'ഇന്ന് വൈകുന്നേരമാണ് പുൽത്തകിടിയിൽ ഒരു പക്ഷിക്കുഞ്ഞ് തളർന്നുവീണു കിടക്കുന്നതു കണ്ടത്. ഞാൻ പപ്പയേയും മമ്മയേയും ഉറക്കെ വിളിച്ചു. പപ്പ വന്ന് ആ പക്ഷിക്കുഞ്ഞിനെ കൈയിലെടുത്ത് വെള്ളം കൊടുത്തു. കുറച്ചു സമയങ്ങൾക്കു ശേഷം അതു കണ്ണു തുറന്നു.
ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷമായി. ഒരു കുട്ടയിൽ കുറച്ചു ഇലകൾക്കു മുകളിൽ ഞങ്ങൾ ആ പക്ഷിക്കുഞ്ഞിനെ ഇരുത്തി. അത് ചെമ്പുകൊട്ടി പക്ഷിയാണെന്ന് മമ്മ പറഞ്ഞുതന്നു. അത് എന്തൊരു സുന്ദരി പക്ഷിയാണെന്നോ? കുറച്ചുനേരം ഇരുന്നശേഷം അത് പറന്നുപോയി. എനിക്ക് സങ്കടമായി. എനിക്കതിനെ പറഞ്ഞുവിടാൻ മനസുണ്ടായിരുന്നില്ല. എന്റെ സങ്കടം കണ്ട് മമ്മ പറഞ്ഞു അത് അതിന്റെ അമ്മയുടെ അടുത്തേക്കാണ് പോയതെന്ന്. എനിക്കുറപ്പാണ്. ആ സുന്ദരി പക്ഷിയെ ഞാൻ വീണ്ടും കാണും.'
Content Highlights: Ziva Narrates How Papa MS Dhoni Resuced a Crimson breasted Barbet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..