ഇസ്ലാമാബാദ്: ഉമർ അക്മലിന്റെ വിലക്ക് വെട്ടിച്ചുരുക്കാനുള്ള പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനെതിരേ മുൻതാരം ഡാനിഷ് കനേരിയ രംഗത്ത്. ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിടുന്ന തന്റെ അപേക്ഷ മതത്തിന്റെ അടിസ്ഥാനത്തിൽ പാക് ക്രിക്കറ്റ് ബോർഡ് തള്ളിക്കളയുകയായിരുന്നെന്നും എന്നാൽ മറ്റുള്ളവരുടെ കാര്യത്തിൽ അങ്ങനെയല്ലെന്നും ഡാനിഷ് കനേരിയ ട്വീറ്റ് ചെയ്തു.

ഉമർ അക്മലിന് മൂന്നു വർഷത്തെ വിലക്കാണ് ആദ്യം ക്രിക്കറ്റ് ബോർഡ് ഏർപ്പെടുത്തിയിരുന്നത്. ഇത് പിന്നീട് ഒന്നര വർഷമാക്കി ചുരുക്കുകയായിരുന്നു. വാതുവെപ്പ് സംഭവം ശ്രദ്ധയിൽപെട്ടിട്ടും റിപ്പോർട്ട് ചെയ്തില്ലെന്ന കുറ്റത്തിനാണ് ഉമർ അക്മലിനെ വിലക്കിയത്.

'കനേരിയയുടെ കാര്യത്തിൽ മാത്രം വിട്ടുവീഴ്ച്ചകൾ വേണ്ട എന്നതാണ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. എനിക്ക് എന്തുകൊണ്ട് ആജീവനാന്ത വിലക്ക് ലഭിച്ചെന്നും മറ്റുള്ളവർക്ക് ലഭിച്ചില്ലെന്നും ആർക്കെങ്കിലും പറയാമോ? മതം, നിറം, ജീവിതപശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമാണോ തീരുമാനങ്ങളുണ്ടാകുക? ഞാനൊരു ഹിന്ദുവാണ്. അതിൽ ഞാൻ അഭിമാനിക്കുന്നു.' കനേരിയ ട്വിറ്ററിൽ കുറിച്ചു.

ക്രിക്കറ്റിലെ വിലക്കിനെതിരേ കനേരിയ പാക് ക്രിക്കറ്റ് ബോർഡിനെ സമീപിച്ചിരുന്നു. എന്നാൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ സമീപിക്കാനായിരുന്നു പി.സി.ബിയുടെ മറുപടി. 2009-ൽ ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റ് ടീമായ എസെക്സിനു വേണ്ടി കളിക്കുമ്പോഴാണ് വാതുവെപ്പ് കേസിൽ കനേരിയയെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വിലക്കുന്നത്. പിന്നീട് 2010-ന് ശേഷം പാക് ടീമിൽ കനേരിയ കളിച്ചിട്ടില്ല.

 

Content Highlights: Zero Tolerance policy only apply on Danish Kaneria not on others