കാന്‍ബറ: ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ഒന്നാം ട്വന്റി 20 മത്സരത്തില്‍ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് സംവിധാനം ഉപയോഗിച്ച് ഇന്ത്യന്‍ ടീം. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം യൂസ്വേന്ദ്ര ചാഹലിനെ കൊണ്ടുവന്നാണ് ഇന്ത്യ ഈ സംവിധാനം ഉപയോഗപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ജഡേജയ്ക്ക്  19-ാം ഓവറിലാണ് പരിക്കേല്‍ക്കുന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ പന്ത് താരത്തിന്റെ ഹെല്‍മറ്റില്‍ കൊണ്ടു. ഇതേത്തുടര്‍ന്ന് കാഴ്ചയ്ക്ക് ചെറിയ ബുദ്ധിമുട്ടുവന്ന താരം ഇന്നിങ്‌സിലെ അവസാന പന്തും നേരിട്ടാണ് ഗാലറിയിലേക്ക് മടങ്ങിയത്.

23 പന്തുകളില്‍ നിന്നും 44 റണ്‍സെടുത്ത ജഡേജയുടെ മികവിലാണ് ഇന്ത്യ 161 റണ്‍സിലെത്തിയത്. പരിക്കേറ്റ ജഡേജ ബൗളിങ്ങിനായി ഇറങ്ങിയില്ല. പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് സംവിധാനത്തിലൂടെ നായകന്‍ കോലി ചാഹലിനെ കൊണ്ടുവന്നു.  ട്വീറ്ററിലൂടെ ബി.സി.സി.ഐ ഇക്കാര്യം അറിയിക്കുകയും ചെയ്തു.

സാധാരണ പകരക്കാരന് പകരമായി കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിന് മത്സരത്തില്‍ ബൗള്‍ ചെയ്യാനോ ബാറ്റ് ചെയ്യാനോ അവസരം ലഭിക്കും. ജഡേജയ്ക്ക് പകരം ചാഹല്‍ മത്സരത്തില്‍ പന്തെറിഞ്ഞു

Content Highlights: Yuzvendra Chahal replaces Ravindra Jadeja as concussion substitute