മുംബൈ: ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ തോല്‍വി ഞെട്ടിക്കുന്നതായിരുന്നു. കിരീടപ്രതീക്ഷയുമായി ലണ്ടനിലെത്തിയ ഇന്ത്യ കിവീസിനോട് തോറ്റ് പുറത്തായി. ലോകകപ്പോടെ വിരമിക്കാമെന്ന ധോനിയുടെ പ്രതീക്ഷകള്‍ക്കേറ്റ തിരിച്ചടി കൂടിയായിരുന്നു അത്. ഏഴാമനായി ഇറങ്ങിയ ധോനി റണ്‍ ഔട്ടായപ്പോള്‍ ആരാധകര്‍ കണ്ണീര്‍ പൊഴിച്ചു. ആ നിമിഷത്തെ കുറിച്ച് ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് ഇപ്പോഴും സങ്കടമടക്കാനാവുന്നില്ല. അന്നത്തെ സംഭവം ചാഹല്‍ ഓര്‍ത്തെടുത്തു.

'മഹി ഭായ് റണ്‍ഔട്ടായതോടെ ഞാന്‍ ബാറ്റിങ്ങിനിറങ്ങി. ആദ്യ ലോകകപ്പ് കളിക്കാനാണ് ഞാനിറങ്ങുന്നത് എന്നോര്‍ക്കണം. മഹി ഭായ് ഔട്ടായതില്‍ എനിക്ക് സങ്കടം സഹിക്കാനാവുമായിരുന്നില്ല. കരച്ചിലടക്കാനായി ഞാന്‍ പാടുപെട്ടു. അതെന്നെ ഏറെ സമ്മര്‍ദ്ദത്തിലാക്കി. ഒമ്പത് മത്സരങ്ങള്‍ നന്നായി കളിച്ചതിന് ശേഷം ഞങ്ങള്‍ അതിവേഗം പുറത്തായതുപോലെ. മഴയുടെ നിയന്ത്രണം നമ്മുടെ കയ്യിലല്ല, അതിനാല്‍ മഴയെ പഴിചാരാനാവില്ല. എത്രയും വേഗത്തില്‍ ഗ്രൗണ്ടില്‍ നിന്ന് ഹോട്ടലില്‍ എത്താനായിരുന്നു അപ്പോള്‍ ആഗ്രഹിച്ചിരുന്നത്.'  ചാഹല്‍ വെളിപ്പെടുത്തി.

ഒരു ലോകകപ്പെങ്കിലും നേടുക എന്നതാണ് ആഗ്രഹമെന്നും ഇന്ത്യന്‍ സ്പിന്നര്‍ വ്യക്തമാക്കി. അഞ്ചാറ് വര്‍ഷം കൂടി കളിക്കണം. ഒരു ലോകകപ്പെങ്കിലും നേടണം. ഇപ്പോള്‍ ടീം മികവ് കാട്ടുന്നുണ്ട്. ന്യൂസീലന്‍ഡിലും ഓസ്‌ട്രേലിയയിലും വെസ്റ്റിന്‍ഡീസിലും വിജയിക്കാനായി. അടുത്ത വര്‍ഷം ട്വന്റി-20 ലോകകപ്പ് നേടിയാല്‍ ഇന്ത്യന്‍ ടീമിനെതിരായ വിമര്‍ശനങ്ങള്‍ എല്ലാം അവസാനിക്കും. ചാഹല്‍ വ്യക്തമാക്കി. 

Content Highlights: Yuzvendra Chahal MS Dhoni’s run out World Cup