മുംബൈ: ശ്വാസകോശ അര്‍ബുദം ബാധിച്ച ബോളിവുഡ് താരം സഞ്ജയ് ദത്ത് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നാശംസിച്ച് മുന്‍ ഇന്ത്യന്‍ താരം യുവ്‌രാജ് സിങ്. ട്വിറ്ററിലൂടെയായിരുന്നു യുവിയുടെ പ്രതികരണം.
'നിങ്ങള്‍ എപ്പോഴും ഒരു പോരാളിയാണ് സഞ്ജയ് ദത്ത്. ഇത് എത്രത്തോളം വേദന ഉണ്ടാക്കുമെന്ന് എനിക്കറിയാം, എന്നാല്‍ ഈ ദുഷ്‌കരമായ ഘട്ടം അതിജീവിക്കാനുള്ള കരുത്ത് നിങ്ങള്‍ക്കുണ്ടെന്നും എനിക്കറിയാം. പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനു വേണ്ടി എന്റെ പ്രാര്‍ഥനകളും ആശംസകളും' - യുവി ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് സഞ്ജയ് ദത്തിനു ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ട്രേഡ് അനലിസ്റ്റ് കോമള്‍ നാഹ്തയാണ് അദ്ദേഹത്തിന്റെ രോഗവിവരം സംബന്ധിച്ച് ആദ്യം ട്വീറ്റ് ചെയ്തത്. ശ്വാസകോശത്തിലാണ് സഞ്ജയ് ദത്തിന് അര്‍ബുദ ബാധയെന്നും രോഗത്തിന്റെ നാലാം ഘട്ടത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്. ചികിത്സയ്ക്കായി ദത്തും കുടുംബവും ഉടനെ യു.എസിലേക്ക് തിരിക്കും.
ശ്വാസതടസ്സത്തെ തുടര്‍ന്ന് സഞ്ജയ് ദത്തിനെ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. എന്നാല്‍ പരിശോധനയില്‍ കോവിഡ് ബാധിച്ചിട്ടില്ലെന്ന് തെളിഞ്ഞു. തുടര്‍ന്നുള്ള പരിശോധനയില്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചതായാണ് വിവരം.
2011 ലോകകപ്പിനു ശേഷമാണ് യുവ്‌രാജിന് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയ്ക്ക് വിധേയനായ താരം രോഗത്തെ കീഴ്‌പ്പെടുത്തിയിരുന്നു. പിന്നാലെ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയെങ്കിലും പഴയ ഫോം വീണ്ടെടുക്കാന്‍ യുവിക്ക് സാധിച്ചിരുന്നില്ല.
പിന്നാലെ കഴിഞ്ഞ വര്‍ഷം താരം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയ്ക്കായി 40 ടെസ്റ്റിലും 278 ഏകദിനങ്ങളിലും 58 ട്വന്റി 20-യിലും താരം കളിച്ചു.
Content Highlights: Yuvraj Singh wishes Sanjay Dutt speedy recovery from lung cancer