Photo: PTI
ന്യൂഡല്‍ഹി: ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം വിരാട് കോലി ഉപേക്ഷിച്ചത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് നായകനായ കോലിയുടെ അഭാവം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ബാറ്ററായി തുടരുമെങ്കിലും കോലിയിലെ നായകനെ പകരം വെയ്ക്കാന്‍ മറ്റൊരു താരത്തെ കണ്ടെത്തുക എന്നത് ശ്രമകരമായ കാര്യമാണ്.
കോലി രാജി വെച്ചതോടെ പകരം നായകനെ കണ്ടെത്താനായി നെട്ടോട്ടമോടുകയാണ് ബി.സി.സി.ഐ. രോഹിത് ശര്‍മയും കെ.എല്‍ രാഹുലുമെല്ലാം അടുത്ത നായകനാകാന്‍ മുന്‍പന്തിയിലുണ്ട്. ഇതിനിടയില്‍ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ യുവരാജ് സിങ്.
വിരാട് കോലിയ്ക്ക് പകരം വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ നായകനാക്കണമെന്നാണ് യുവരാജിന്റെ ആവശ്യം. മുന്‍ ഇന്ത്യന്‍ താരമായ സുനില്‍ ഗാവസ്‌കറും ഇക്കാര്യം നേരത്തേ അറിയിച്ചിരുന്നു. ഗാവസ്‌കറിന്റെ ട്വീറ്റിന് മറുപടിയായാണ് യുവരാജ് രംഗത്തെത്തിയത്. ഗാവസ്‌കര്‍ പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നുവെന്ന് യുവരാജ് അറിയിച്ചു.
'ഋഷഭ് പന്ത് നായകനാകാന്‍ യോഗ്യനാണ്. വിക്കറ്റിന് പിന്നില്‍ നിന്ന് മത്സരഗതിയെക്കുറിച്ച് നന്നായി മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിക്കും'-യുവരാജ് പറഞ്ഞു.
ഋഷഭ് പന്തിനെ നായകനാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. നീണ്ട കരിയര്‍ മുന്നില്‍ നില്‍ക്കേ പന്തിന് ഇന്ത്യയെ നന്നായി നയിക്കാനാകുമെന്ന് ഏവരും കണക്കുകൂട്ടുന്നു. നിലവില്‍ ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് ഋഷഭ് പന്ത്.
Content Highlights: Yuvraj Singh names his choice for Virat Kohli's successor as Test captain
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..