മുംബൈ: ഇന്ത്യയുടെ നാലാം നമ്പറില്‍ ആരെ ഇറക്കുമെന്ന ആശയക്കുഴപ്പം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഋഷഭ് പന്തിന്റെ മോശം ഫോം ഇന്ത്യക്ക് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും വെസ്റ്റിന്‍ഡീസിനെതിരേയുമുള്ള പരമ്പരകളില്‍ മോശം ഫോമിലായിരുന്നു ഋഷഭ്. ഇതോടെ സഞ്ജു വി സാംസണ്‍ അടക്കമുള്ള താരങ്ങളുടെ പേരുകള്‍ നാലാം നമ്പറിലേക്ക് ഉയര്‍ന്നുകേട്ടു. 

എന്നാല്‍ ഹര്‍ഭജന്‍ സിങ്ങ് നിര്‍ദേശിക്കുന്ന താരം ഇവരാരുമല്ല. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന സൂര്യകുമാര്‍ യാദവിനെ നാലാം നമ്പറിലേക്ക് പരിഗണിക്കണമെന്നാണ് ഹര്‍ഭജന്റെ ആവശ്യം. 'ഇത്രയും മികച്ച പ്രകടനം പുറത്തെടുത്തിട്ടും സൂര്യകുമാറിനെ ടീമിലേക്ക് പരിഗണിക്കാത്തത് എന്താണെന്ന് അറിയില്ല. സൂര്യകുമാര്‍, നന്നായി അധ്വാനിക്കൂ, നിങ്ങളുടെ സമയം വരും,' ഹര്‍ഭജന്‍ സിങ്ങ് ട്വീറ്റ് ചെയ്തു.

ഇതിന് യുവരാജ് സിങ്ങ് നല്‍കിയ മറുപടിയാണ് ശ്രദ്ധേയം. സെലക്ഷന്‍ കമ്മിറ്റിയെ പരിഹസിക്കുന്ന രീതിയിലായിരുന്നു യുവിയുടെ കമന്റ്. 'ഞാന്‍ നിന്നോട് നേരത്തെ പറഞ്ഞതല്ലേ, ടോപ്പ് ഓര്‍ഡര്‍ ശക്തമായതിനാല്‍ അവര്‍ക്ക് നാലാം നമ്പറില്‍ ഒരു ബാറ്റ്‌സ്മാനെ ആവശ്യമില്ലെന്ന്.' നേരത്തേയും യുവരാജ് ഇതേ കമന്റ് പറഞ്ഞിരുന്നു. സഞ്ജുവിനെ നാലാം നമ്പറിലേക്ക് പരിഗണിക്കുന്ന കാര്യം ഹര്‍ഭജന്‍ തന്നെ ട്വീറ്റ് ചെയ്തപ്പോഴായിരുന്നു യുവി ഇതേ മറുപടി നല്‍കിയിരുന്നത്.

ഇപ്പോള്‍ പുരോഗമിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കായി ഛത്തീസ്ഗഢിനെതിരേ 31 പന്തില്‍ 81 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. ഈ മത്സരത്തില്‍ മുംബൈ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് അടിച്ചു. ആറു സിക്‌സും എട്ടു ഫോറും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്.

 

Content Highlights: Yuvraj Singh Harbhajan Singh  Suitable Number Four Batsman For India