ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിനെ ജാതീയമായി അധിക്ഷേപിച്ച മുൻതാരം യുവരാജ് സിങ്ങ് കുരുക്കിൽ. കുറച്ചു ദിവസങ്ങൾക്കുമുമ്പ് രോഹിത് ശർമയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യുവരാജ് വിവാദ പരാമർശം നടത്തിയത്. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചാഹലിനെ വിശേഷിപ്പിക്കാൻ യുവരാജ് ഉപയോഗിച്ചത്.

ഇതോടെ സോഷ്യൽ മീഡിയയിലൂടെ നിരവധി ആരാധകർ യുവരാജ് മാപ്പ് പറയണമെന്ന ആവശ്യവുമായി രംഗത്തെത്തി. യുവരാജ് മാഫി മാംഗോ (യുവരാജ് മാപ്പ് പറയണം) എന്ന ഹിന്ദി ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. നിരവധി ആരാധകരാണ് ട്വിറ്ററിൽ ഈ ഹാഷ്ടാഗിൽ ട്വീറ്റ് ചെയ്തത്. അർബുദത്തെ പോലും തോൽപ്പിച്ച യുവരാജിന് ജാതീയമായുള്ള ചിന്തകളെ തോൽപ്പിക്കാൻ ഇനിയുമായിട്ടില്ലെന്നും ഏറെ പ്രിയപ്പെട്ട യുവരാജിൽ നിന്ന് ഇങ്ങനെ ഒരു പരാമർശം പ്രതീക്ഷിച്ചില്ലെന്നും ആരാധകർ പറയുന്നു.

കോവിഡ്-19നെത്തുടർന്ന് കളിക്കളങ്ങൾ നിശ്ചലമായെങ്കിലും ടിക് ടോകിൽ സജീവമായിരുന്നു ചാഹൽ. എപ്പോഴും ഓൺലൈനിലുണ്ടാകുന്ന ചാഹൽ പ്രശസ്തരുടേയെല്ലാം പോസ്റ്റുകൾക്ക് കമന്റ് ചെയ്യാൻ മുന്നിലുണ്ടാകാറുണ്ട്. ടിക് ടോകിൽ കുടുംബാംഗങ്ങളെയെല്ലാം പങ്കെടുപ്പിച്ച് ചാഹൽ വീഡിയോ ചെയ്തിരുന്നു. ഇതിനെയെല്ലാം കുറിച്ച് രോഹിതുമായി ചർച്ച ചെയ്യുന്നതിനിടയിലാണ് യുവരാജിൽ നിന്ന് വിവാദ പരാമർശം ഉണ്ടായത്.

Content Highlights: Yuvraj Singh casteist remark on Yuzvendra Chahal