ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയ്‌ക്കൊപ്പമുള്ള ലൈവ് ചാറ്റിനിടെ ജാതീയ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം യുവ്‌രാജ് സിങ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് തന്റെ പരാമര്‍ശങ്ങളില്‍ യുവി ഖേദം പ്രകടിപ്പിച്ചത്. സംഭവത്തില്‍ ദലിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സന്‍ കഴിഞ്ഞ ദിവസം താരത്തിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഖേദപ്രകടനവുമായി യുവി രംഗത്തെത്തിയത്.

'ജാതിയുടെയോ നിറത്തിന്റെയോ വര്‍ഗത്തിന്റെയോ ലിംഗത്തിന്റെയോ പേരിലുള്ള ഒരു വേര്‍തിരിവുകളിലും ഞാന്‍ വിശ്വസിക്കുന്നില്ല എന്ന കാര്യത്തില്‍ വ്യക്തതവരുത്താനാണ് ഇത്. ജനങ്ങളുടെ ക്ഷേമത്തിനായി ഞാന്‍ എന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ്. അത് ഇനിയും തുടരും. ജീവിതത്തിന്റെ മഹത്വത്തില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. ആരെയും മാറ്റിനിര്‍ത്താതെ ഓരോ വ്യക്തിയേയും ബഹുമാനിക്കുകയും ചെയ്യുന്നയാള്‍. സുഹൃത്തുകളുമൊത്തുള്ള സംസാരത്തിനിടെ നടത്തിയ ചില പരാമര്‍ശങ്ങള്‍ ആവശ്യമില്ലാത്തതായിരുന്നുവെന്ന കാര്യം ഞാന്‍ മനസിലാക്കുന്നു. എങ്കിലും ഉത്തരവാദിത്തമുള്ള ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ അറിയാതെയെങ്കിലും ഞാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആരെയെങ്കിലുമോ അവരുടെ വികാരങ്ങളെയോ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഞാനതില്‍ ഖേദം പ്രകടിപ്പിക്കുന്നു. രാജ്യത്തോടും ജനങ്ങളോടുമുള്ള എന്റെ സ്‌നേഹം അനന്തമാണ്', യുവി കുറിച്ചു.

Yuvraj Singh apologises for unintentional casteist remark against Yuzvendra Chahal

ദിവസങ്ങള്‍ക്കുമുമ്പ് രോഹിത് ശര്‍മയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെ ഇന്ത്യന്‍ താരം യൂസ്‌വേന്ദ്ര ചാഹലിന്റെ ടിക്ക്‌ടോക്ക് വീഡിയോകളെ കുറിച്ച് സംസാരിക്കവെയാണ് യുവി വിവാദ പരാമര്‍ശം നടത്തിയത്. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചാഹലിനെ വിശേഷിപ്പിക്കാന്‍ യുവ്‌രാജ് ഉപയോഗിച്ചത്.

ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകര്‍ യുവരാജ് മാപ്പ് പറയണമെന്ന ആവശ്യവുമായി രംഗത്തെത്തി. 'യുവരാജ് മാഫി മാംഗോ' (യുവരാജ് മാപ്പ് പറയണം) എന്ന ഹിന്ദി ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാകുകയും ചെയ്തു. താരത്തിന്റെ പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ദലിത് സംഘടനകളും ഒരു വിഭാഗം ആരാധകരും രംഗത്തെത്തിയിരുന്നു.

Content Highlights: Yuvraj Singh apologises for unintentional casteist remark against Yuzvendra Chahal