Photo: AFP
ലണ്ടന്‍: മുന്‍ താരവും പാകിസ്താന് വംശജനുമായ അസീം റഫീഖ് ഉന്നയിച്ച വംശീയാരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് യോര്‍ക്ഷെയറിലെ മുഴുവന്‍ കോച്ചിങ് സ്റ്റാഫും ടീം വിട്ടു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ യോര്‍ക്ഷെയര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
2010-ലെ ഒരു ട്വീറ്റുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പരിശീലകനും മുന്‍ താരവുമായ ആന്‍ഡ്രു ഗെയ്ലിനെ കഴിഞ്ഞ മാസം സസ്പെന്റ് ചെയ്തിരുന്നു. ഡയറക്ടറായ മാര്ട്ടിന് മോക്സണ്‍ അസുഖത്തെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി അവധിയിലാണ്. ചീഫ് എക്സിക്യൂട്ടീവായ മാര്‍ക്ക് ആര്‍തര്‍ കഴിഞ്ഞ മാസം രാജിവെച്ചിരുന്നു. താരങ്ങള്‍ക്ക് വൈദ്യസഹായമെത്തിക്കുന്ന മെഡിക്കല്‍ ടീമും ക്ലബ്ബ് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോച്ചിങ് സ്റ്റാഫ് മുഴുവന്‍ ക്ലബ്ബ് വിട്ടതായി യോര്‍ക്ഷെയര്‍ അറിയിച്ചത്.
യോര്‍ക്ഷെയറിനായി കളിക്കുന്നതിനിടെ സഹതാരങ്ങളില്‍ നിന്ന് വംശീയ അധിക്ഷേപം നേരിട്ടെന്നും എപ്പോഴും ടീമിന് പുറത്തുള്ള ഒരാളെ പോലെയാണ് തോന്നിട്ടിയിട്ടുള്ളതെന്നും അസീം റഫീഖ് വെളിപ്പെടുത്തിയിരുന്നു. ക്ലബ്ബിലുള്ളവര്‍ അടിസ്ഥാനപരമായി വംശവെറിയന്മാരാണെന്നും ആ വസ്തുത അംഗീകരിക്കാന്‍ തയ്യാറല്ലെന്നു മാത്രമല്ല അതില്‍ നിന്ന് മാറാന്‍ സന്നദ്ധരല്ലെന്നും അസീം വ്യക്തമാക്കിയിരുന്നു. ഇംഗ്ലീഷ് ക്രിക്കറ്റ് ലോകത്തെ പിടിച്ചുലക്കുന്ന ആരോപണങ്ങളായിരുന്നു ഇത്.
ക്ലബ്ബില്‍ കാര്യമായ മാറ്റം ആവശ്യമാമെന്നും വിശ്വാസം വീണ്ടെടുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പുതിയ ചെയര്മാന് കമലേഷ് പട്ടേല്‍ വ്യക്തമാക്കി.
Content Highlights: Yorkshire's entire coaching staff leave club after racism scandal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..