കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ഗുസ്തി താരങ്ങളും ശനിയാഴ്ച പുലർച്ചെ പത്രസമ്മേളനം നടത്തുന്നു | Photo: ANI
ന്യൂഡല്‍ഹി: ഗുസ്തിതാരങ്ങളുടെ സമരം അനുനയത്തില്‍ ഒത്തുതീര്‍പ്പാക്കി കേന്ദ്രസര്‍ക്കാര്‍. ലൈംഗികാതിക്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളുന്നയിച്ച് അന്താരാഷ്ട്രതാരങ്ങള്‍ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാനെത്തിയത് ദേശീയതലത്തില്‍ ചര്‍ച്ചയായതോടെ ഏതുവിധേനയും സമരമവസാനിപ്പിക്കാനായിരുന്നു കേന്ദ്രശ്രമം. വ്യാഴാഴ്ച രാത്രി തുടങ്ങിയ ചര്‍ച്ചകളുടെ പരിസമാപ്തിയില്‍ സമരത്തിന്റെ മൂന്നാംദിവസമായ ശനിയാഴ്ച പുലര്‍ച്ചെയോടെ പ്രതിഷേധം അവസാനിപ്പിക്കുന്നതായി താരങ്ങള്‍ പ്രഖ്യാപിച്ചു. കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറിന്റെ ഔദ്യോഗികവീട്ടില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലായിരുന്നു തീരുമാനം.
സമരക്കാരെയും ഫെഡറേഷനെയും വിശ്വാസത്തിലെടുത്ത കേന്ദ്രം, ഫെഡറേഷന് പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരേ കടുത്ത നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അന്വേഷണം കഴിയുംവരെ സിങ് മാറിനില്ക്കുമെന്നുമാത്രമാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, തത്കാലത്തേക്കെങ്കിലും അദ്ദേഹത്തെ ഫെഡറേഷനില്‍നിന്ന് മാറ്റിനിര്‍ത്തുമെന്ന പ്രഖ്യാപനത്തോടെ താരങ്ങളെ വിശ്വാസത്തിലെടുക്കാനുമായി. നിലവിലെ ഫെഡറേഷന്റെ കാലാവധി അടുത്തമാസം 24-ന് അവസാനിക്കും. ഫലത്തില്‍ സമിതിയുടെ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ഫെഡറേഷനില്‍ തിരഞ്ഞെടുപ്പിനും സമയമാകും.
ഫെഡറേഷന് ഭാരവാഹികളും പരിശീലകരും ഗുസ്തി താരങ്ങള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തുന്നെന്ന ആരോപണം സമരക്കാര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ശക്തമായ തെളിവുകളൊന്നും സര്ക്കാരിനുമുന്നിലെത്തിയിട്ടില്ല. പോലീസിലും പരാതി നല്‍കിയിട്ടില്ല. ഒളിമ്പിക് അസോസിയേഷന് നല്കിയ പരാതിയിലും ലൈംഗികാതിക്രമത്തെക്കുറിച്ച് കൃത്യമായി സൂചിപ്പിച്ചിരുന്നില്ല. പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് യുവ വനിതാ താരങ്ങളുടെ കായികഭാവി തകരാന്‍ വഴിവെച്ചേക്കുമെന്ന ഭീതിയാലാണ് പരാതിയുമായി മുന്നോട്ടുവരാത്തതെന്ന് സമരനേതാക്കള്‍ പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ പ്രമുഖനേതാവും പാര്‍ട്ടി ലോക്സഭാംഗവുമായ ബ്രിജ് ഭൂഷണ് സിങ്ങിനെ പിണക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക ബി.ജെ.പി.ക്കുണ്ട്. പാര്‍ട്ടി സംവിധാനത്തെക്കാള്‍ വ്യക്തിസ്വാധീനത്താല്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ ശേഷിയുള്ള സിങ്ങിനെ കടുത്ത നടപടികളിലൂടെ പ്രകോപിക്കേണ്ടെന്നാണ് യു.പി.യിലെ നേതാക്കളുടെ നിര്‍ദേശമെന്നാണ് വിവരം.
Content Highlights: Wrestlers Protest in Delhi Jantar Mantar ends late night
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..