ഗുസ്തിതാരങ്ങളായ ബജ്രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയവർ ജന്തർ മന്തറിൽ ധർണയ്ക്കിടെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷന്റെ പ്രസ്താവനകൾ മൊബൈലിൽ കാണുന്നു | ഫോട്ടോ: സാബു സ്കറിയ
ന്യൂഡല്‍ഹി: റെസ്ലിങ് ഫെഡറേഷനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് ജന്തര്‍മന്തറില്‍ ഗുസ്തിതാരങ്ങള്‍ നടത്തിവന്ന പ്രതിഷേധസമരം പിന്‍വലിച്ചു. കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളും പരാതികളും അന്വേഷിക്കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ഇതിനായി ഒരു മേല്‍നോട്ടസമിതി രൂപവത്കരിക്കും. സമിതി നാലാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും. ലൈംഗികാരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കും. സമിതി അംഗങ്ങളെ ശനിയാഴ്ച പ്രഖ്യാപിക്കും. അന്വേഷണം തീരുംവരെ നിലവിലെ പ്രസിഡന്റ് ബ്രിജ് ഭൂഷണ് സിങ് തത്കാലം മാറിനില്‍ക്കും. ഈ കാലയളവില്‍ ഫെഡറേഷന്റെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ സമിതി നിര്‍വഹിക്കും. ഉന്നയിച്ച പരാതികളില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും സമരനേതാവായ ബജ്റംഗ് പുനിയ പറഞ്ഞു. സമരം പിന്‍വലിക്കുകയാണെന്നും അവര്‍ അറിയിച്ചു.
മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല. അനുരാഗ് ഠാക്കൂറിന്റെ ഔദ്യോഗിക വസതിയില്‍ നടന്ന ചര്‍ച്ചയില്‍ ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബബിത ഫോഗട്ട്, സുമിത് മാലിക് എന്നിവര്‍ പങ്കെടുത്തു. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ ആരംഭിച്ച ചര്‍ച്ച ശനിയാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്. വ്യാഴാഴ്ച രാത്രിയും നാലുമണിക്കൂറോളം ചര്‍ച്ച നടന്നിരുന്നു.
വനിതാതാരങ്ങള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഗുസ്തിതാരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും നടപടി ആരംഭിച്ചു. അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച വൈകീട്ട് ഓണ്‍ലൈനായി ചേര്‍ന്ന അടിയന്തരയോഗത്തില്‍ വിഷയം അന്വേഷിക്കാന്‍ ഏഴംഗസമിതി രൂപവത്കരിച്ചു. മേരി കോം, ദോള ബാനര്‍ജി, അളകനന്ദ അശോക്, യോഗേശ്വര്‍ ദത്ത്, സഹ്ദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരുമുള്‍പ്പെടുന്നതാണ് സമിതി. കേരളത്തില്‍ നിന്നാണ് ഉഷ യോഗത്തില്‍ പങ്കെടുത്തത്.
Content Highlights: Wrestlers protest against WFI chief called off
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..