കോഴിക്കോട്: ലോക കായിക മാധ്യമപ്രവര്‍ത്തക ദിനത്തില്‍ (World Sports Journalists Day) മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ അറിയിച്ച് കായിക താരങ്ങള്‍.
മുന്‍ ഇന്ത്യന്‍ ഫുട്‌ബോൾ താരം ഐ.എം വിജയന്‍, ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന, സ്പ്രിന്റര്‍ ഹിമാ ദാസ്, മുന്‍ ലോക ഒന്നാം നമ്പര്‍ ഷൂട്ടര്‍ അഞ്ജലി ഭഗവത് തുടങ്ങിയവരെല്ലാം സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകള്‍ക്ക് ആശംസയറിയിച്ച് രംഗത്തെത്തി.
എല്ലാ വര്‍ഷവും ജൂലായ് രണ്ട് ലോക കായിക മാധ്യമപ്രവര്‍ത്തക ദിനമായി ആഘോഷിച്ചുവരുന്നു. 1924-ല്‍ പാരീസില്‍ നടന്ന ഒളിമ്പിക്‌സിനിടെ സ്ഥാപിതമായ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് പ്രസ്സ് അസോസിയേഷന്റെ (എ.ഐ.പി.എസ്) വാര്‍ഷികം ആഘോഷിക്കുന്നതും ഇതേദിവസമാണ്.
തന്നെ ഐ.എം വിജയന്‍ എന്ന താരമാക്കിയത് കായിക മാധ്യമപ്രവര്‍ത്തകരാണെന്നു പറഞ്ഞ വിജയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാ ആശംസയും അറിയിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
തന്റെ ക്രിക്കറ്റ് കരിയറില്‍ പ്രധാന പങ്കുവഹിച്ച എല്ലാ കായിക മാധ്യമപ്രവര്‍ത്തകരോടും നന്ദിയുള്ളവനായിരിക്കുമെന്ന് ഹര്‍ഭജന്‍ സിങ് ട്വീറ്റ് ചെയ്തു.
എല്ലാ കായിക താരങ്ങളുടെയും ശബ്ദമായ കായിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ ദിവസം സമര്‍പ്പിക്കാമെന്ന് സുരേഷ് റെയ്‌നയും ട്വിറ്ററില്‍ കുറിച്ചു.
Content Highlights: World Sports Journalists Day, sports stars express gratitude to writers