ദുബായ്: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മാഗ്‌നസ് കാള്‍സന്‍ വീണ്ടും കിരീടത്തിലേക്ക് അടുത്തു. എട്ടാം ഗെയിമിലും റഷ്യന്‍ എതിരാളി യാന്‍ നെപ്പോമ്ന്യാച്ചിയെ കീഴടക്കി. ഇതോടെ കാള്‍സന് 5-3 ലീഡായി. ആറാം ഗെയിമിലും കാള്‍സന്‍ ജയംകണ്ടിരുന്നു. 14 ഗെയിമുകളാണ് ആകെയുള്ളത്.

വെളുത്ത കരുക്കളുമായാണ് കാള്‍സന്‍ കളിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യന്‍ താരം അലക്സാണ്ടര്‍ രൂപകല്‍പ്പനചെയ്ത പെട്രോഫ് പ്രതിരോധമാണ് നാലാം ഗെയിമിലെന്ന പോലെ എട്ടാം ഗെയിമിലും നെപ്പോമ്ന്യാച്ചി തിരഞ്ഞെടുത്തത്. പരിചിത വഴികളിലൂടെ മുന്നേറിയ ഗെയിമില്‍ തന്റെ ഒന്‍പതാം നീക്കത്തില്‍ നെപ്പോ കാള്‍സനെ ഞെട്ടിച്ചു. നേപ്പൊവിന്റെ സഹായിയെന്ന്കരുതപ്പെടുന്ന സോറസ് സൂപ്പര്‍ കംപ്യൂട്ടറാണോ ഈ അസാധാരണനീക്കത്തിന് പിന്നില്‍ എന്ന് സംശയിക്കുന്ന ചെസ് വിദഗ്ധരുണ്ട്. എന്തായാലും ഈ നീക്കം കാള്‍സണെ ദീര്‍ഘനേരം ചിന്തയിലാഴ്ത്തി. 18 നീക്കങ്ങള്‍ പിന്നിട്ടതോടെ നിരവധി കരുക്കള്‍ ബോര്‍ഡില്‍ നിന്നും അപ്രത്യക്ഷമാകുകയും കളി സമനിലയുടെ സൂചനകള്‍ നല്‍കുകയും ചെയ്തു. ദൗര്‍ഭാഗ്യവശാല്‍ തന്റെ ഇരുപത്തിയൊന്നാം നീക്കത്തില്‍ നെപ്പോവിനുകാലിടറി.

ഒരു വന്‍ പിഴവിലൂടെ അദ്ദേഹത്തിന് ഒരു പോണ്‍ നഷ്ടമായി. അതോടൊപ്പം പരാജയവും ഉറപ്പായി. 46 നീക്കങ്ങളില്‍ കാള്‍സന്‍ വിജയിച്ചു. അവശേഷിക്കുന്ന ആറ് കളികളില്‍ നാല് പോയിന്റുകള്‍ നേടാനായാല്‍ മാത്രമേ നെപ്പോവിന് മത്സരത്തില്‍തുടരാനാകൂ. തിരിച്ചുവരവുകള്‍ ലോകചെസ്സില്‍ അസാദ്ധ്യമൊന്നുമല്ല. 1984 - 85ല്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അഞ്ച് പോയിന്റുകള്‍ പിന്നിട്ടുനിന്ന ഗാരി കാസ്പറോവ് പിന്നീട് അവിശ്വസനീയമായ തിരിച്ചുവരവ്‌നടത്തുകയുണ്ടായി (ആ മത്സരം 44 ഗെയിമുകള്‍ക്ക് ശേഷം റദ്ദാക്കപ്പെട്ടു). പക്ഷേ,നിലവിലെ സാഹചര്യത്തില്‍ കാള്‍സന്‍ തന്റെ നീരാളിപ്പിടുത്തം മുറുക്കാനാണ് സാധ്യത.

Content Highlights: Magnus Carlsen defeats Ian Nepomniachtchi in Game 8 of World Chess Championship