ലാഹോര്‍: പാകിസ്താനില്‍വെച്ച് നടക്കുന്ന ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യന്‍ ടീം വിട്ടുനിന്നാല്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് പാകിസ്താന്‍.
ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാ കപ്പിനായി ബി.സി.സി.ഐ ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയച്ചില്ലെങ്കില്‍ 2021-ല്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് പാകിസ്താന്‍ ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഒ വസീം ഖാന്‍ വ്യക്തമാക്കി. ലാഹോറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ബംഗ്ലാദേശ് തങ്ങളുടെ ടീമിനെ പാകിസ്താനിലേക്ക് പരമ്പരയ്ക്കായി അയച്ചതിന് പ്രത്യുപകാരമായി ഏഷ്യാ കപ്പിന്റെ നടത്തിപ്പാവകാശം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് വിട്ടുകൊടുത്തെന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് പി.സി.ബിയിലെ ഒരു മുതിര്‍ന്ന അംഗം വ്യക്തമാക്കി.
ഏഷ്യാ കപ്പിന്റെ നടത്തിപ്പാവകാശം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് പി.സി.ബിക്ക് നല്‍കിയിരിക്കുന്നത്. അത് അങ്ങനെ ആര്‍ക്കും കൈമാറാന്‍ സാധിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ, നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന് 2008 മുതല്‍ ഇന്ത്യ പാകിസ്താന്‍ മണ്ണില്‍ കളിച്ചിട്ടില്ല. അതിനു ശേഷം ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയിട്ടുള്ളത്.
Content Highlights: Won’t travel to India for T20 World Cup If India doesn't come for Asia Cup PCB