പാക് ക്രിക്കറ്റിലെ വനിതാവിപ്ലവം


പി.ജെ.ജോസ്

പാകിസ്താന്‍ വനിതാ ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള ആയുഷ് പുത്രന്റെ ' അണ്‍വീലിങ് ജസ്ബാ എന്ന പുസ്തകത്തെക്കുറിച്ച്

Photo: twitter.com

2014 സെപ്റ്റംബറിന്റെ രണ്ടാം പകുതിയിലാണ്. ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടക്കുന്ന പതിനേഴാമത് ഏഷ്യന്‍ ഗെയിംസ് കവര്‍ ചെയ്യാനുള്ള യാത്ര. ഇടത്താവളമായ സിംഗപ്പുറിലെ ചാംഗി വിമാനത്താവളത്തില്‍ കണക്ഷന്‍ ഫ്‌ളൈറ്റ് പിടിക്കാനുള്ള ഓട്ടത്തിലാണ് . അതിനിടയിലാണ് ബംഗ്ലാദേശ് ജഴ്സിയില്‍ കുറേ പെണ്‍കുട്ടികളെ കണ്ടത്. അവരുമായി ലോഹ്യം കൂടിയപ്പോഴാണ് അറിയുന്നത് ബംഗ്ലാദേശിന്റെ വനിതാ ക്രിക്കറ്റ് ടീമാണ്. ക്യാപ്റ്റന്‍ സല്‍മാന്‍ ഖാതൂനിന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ ഗെയിംസിനായി അവരും ഇഞ്ചിയോണിലേക്കാണ്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഫൈനലില്‍ പാകിസ്താനോട് തോറ്റതിന് കണക്കു തീര്‍ക്കാനുറച്ചാണ് താനും സംഘമെന്ന് ഖാതൂന്‍ ആത്മവിശ്വാസത്തോടെ തന്നെയാണ് പറഞ്ഞത്. സെപ്റ്റംബര്‍ 26-നു നടന്ന കലാശക്കളിയില്‍ ഖാതൂനും സംഘവും ജയത്തിനടുത്തെത്തിയതാണ്. പക്ഷേ മഴ രസംകൊല്ലിയായി മാറിയ മത്സരത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്നും പാകിസ്താന്‍ വനിതകള്‍ ക്യാപ്റ്റന്‍ സനാ മിറിന്റെ നേതൃത്വത്തില്‍ വിജയം പിടിച്ചെടുത്തു. തുടര്‍ച്ചയായ രണ്ടാം സ്വര്‍ണം.

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റ് ഏര്‍പ്പെടുത്തിയതിനു ശേഷം രണ്ടാം തവണയും ചാമ്പ്യന്‍മാരായതോടെ പാക് വനിതകള്‍ ഒരിക്കല്‍ക്കൂടി രാജ്യത്തിന്റെ അഭിമാന താരങ്ങളായി മാറി. ഇത്തവണത്തെ സ്വര്‍ണത്തിന്റെ മൂല്യം അളന്നു തിട്ടപ്പെടുത്താന്‍ കഴിയില്ല. കാരണം ഇഞ്ചിയോണില്‍ പാകിസ്താന്റെ ഏക സ്വര്‍ണം ഈ പെണ്‍കുട്ടികളുടെ വകയായിരുന്നു. വര്‍ഷങ്ങളുടെ അവഗണനയും അവഹേളനവും എതിര്‍പ്പുമൊക്കെ അതിജീവിച്ച് അവര്‍ നേടിയ വിജയത്തിന് ഓവറോള്‍ ചാമ്പ്യന്‍മാരായ ചൈന നേടിയ 151 സ്വര്‍ണത്തേക്കാള്‍ മൂല്യം ഉണ്ടായിരുന്നു.2014 ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനായി പോകുന്ന ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീം. ഇടതു നിന്ന് മൂന്നാമത് ക്യാപ്റ്റന്‍ സല്‍മാന്‍ ഖാതുന്‍ | ചിത്രം പി.ജെ.ജോസ്

2014- ലെ ഏഷ്യന്‍ ഗെയിംസിലെ സംഭവങ്ങള്‍ ഒരിക്കല്‍ക്കൂടി മനസിലെത്തിയത് പ്രശസ്ത ക്രിക്കറ്റ് എഴുത്തുകാരന്‍ ആയുഷ് പുത്രന്റെ 'അണ്‍വീലിങ് ജസ്ബാ' എന്ന പുസ്തകം വായിച്ചപ്പോഴാണ്. പാകിസ്താന്‍ വനിതാ ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രം വിശദമായി രേഖപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ. ഉന്നത കുലത്തില്‍ ജനിച്ച് , അധികാരികളോട് മല്ലടിച്ച് സ്വന്തം സമ്പത്തും പ്രയത്നവുമെല്ലാം രാജ്യത്ത് വനിതാ ക്രിക്കറ്റ് വളര്‍ത്താന്‍ വേണ്ടി വിത്തിട്ട ഷൈസാ ഖാന്‍ എന്ന ആരുടെയും മുമ്പില്‍ തലകുനിക്കാത്ത പോരാളിയുടെ ചരിത്രമുണ്ട് ഈ പുസ്തകത്തില്‍ . ക്രിക്കറ്റ് കളിക്കുന്നതു പോയിട്ട് വീട്ടില്‍ നിന്നും പുറത്തിറങ്ങണമെങ്കില്‍ പുരുഷന്‍മാരായ ബന്ധുക്കള്‍ കൂടെ വേണമെന്ന പശ്ചാത്തലത്തില്‍ നിന്നുമെത്തി എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് രാജ്യത്തിന്റെ ജഴ്സിയണിഞ്ഞ സാബാ നസീര്‍മാരുടെ കഥകൂടിയാണ് ഈ പുസ്തകം.

ജസ്ബാ എന്ന വാക്കിന്റെ അര്‍ത്ഥം പ്രസരിപ്പ്, ചേതോവികാരം, അഭിനിവേശം, അഭിലാഷം, വൈകാരികത, മാനസിക വിക്ഷോഭം എന്നൊക്കെയാണ്. സ്ത്രീകളോടുള്ള യാഥാസ്ഥിക സമൂഹത്തിന്റെ മനോഭാവം ക്രിക്കറ്റ് എന്ന ഗെയിമിലൂടെ രാജ്യത്തെ പെണ്‍കുട്ടികള്‍ മാറ്റിയെടുത്ത ചരിത്രം ഇവിടെ വായിക്കാം. അധികൃതരുടെ അവഗണനയോടുളള പോരാട്ടം മാത്രമല്ല പുസ്തകത്തിലുള്ളത്... അധികാരത്തിനായുള്ള വടംവലിയുണ്ട്, സാഹോദര്യമുണ്ട്, ശത്രുതയുണ്ട്, പാക് പുരുഷ ക്രിക്കറ്റിലെ വന്‍മരങ്ങളുടെ സ്ത്രീവിരുദ്ധത വ്യക്തമാക്കുന്ന സംഭവങ്ങളുണ്ട് ,ഏത് പ്രതിസന്ധിയെയും മറികടക്കുന്ന ഒത്തൊരുമയുടെ കരുത്തുണ്ട്. ക്രിക്കറ്റ് മാത്രമല്ല പുസ്തകത്തിലുള്ളത്. പാകിസ്താന്‍ സമൂഹത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക തലങ്ങള്‍കൂടി പുസ്തം പരിചയപ്പെടുത്തുന്നു.

1996-ല്‍ അനുജത്തി ഷര്‍മീനടക്കം അഞ്ചാറു കളിക്കാനറിയാവുന്ന താരങ്ങളും ടീം തികയ്ക്കാന്‍ വേണ്ടി നാലഞ്ചു താരങ്ങളും ഉള്‍പ്പെട്ട ഇലവനെ നയിച്ചു കൊണ്ട് ഷൈസാ ഖാന്‍ തുടങ്ങി വച്ച പാകിസ്താനിലെ വനിതാ ക്രിക്കറ്റ് വിപ്ലവം 2022-ലെത്തി നില്‍ക്കുമ്പോള്‍ ഏറെ മുന്നോട്ടു പോയി. ഏഷ്യയിലെ മുന്‍നിര ടീമുകളിലൊന്നായി അവര്‍ മാറി. ട്വന്റി 20 ഐ.സി.സി റാങ്കിങില്‍ അവര്‍ ആറാം സ്ഥാനത്തുണ്ട്. ഏറെ അഭിമാനിക്കാവുന്ന നേട്ടം. പ്രതിസന്ധികളില്‍നിന്നും പരിമിതികളില്‍നിന്നും ഇവിടെ വരെയെത്തിയ ആ ജൈത്രയാത്രയുടെ കഥ ആവേശം ഒട്ടും ചോരാതെ ' അണ്‍വീലിങ് ജസ്ബാ'യില്‍ വായിക്കാം. വെസ്റ്റ്ലാന്‍ഡ് സ്പോര്‍ട്ടാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

Content Highlights: Womens Revolution in Pakistan Cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented