ബെംഗളൂരു: ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം സ്വീകരിക്കാനായി ബെംഗളൂരുവിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സെന്ററിലെത്തിയത് പിപിഇ കിറ്റ് ധരിച്ച്. കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്താണ് റാണി സാരിക്ക് മുകളിൽ പിപിഇ കിറ്റ് ധരിച്ചെത്തിയത്. ബെംഗളൂരുവിലെ ദേശീയ ക്യാമ്പിലായിരുന്നു റാണി രാംപാൽ. അവിടെ നിന്ന് ശനിയാഴ്ച്ച രാവിലെ പിപിഇ കിറ്റ് ധരിച്ച് സായ് സെന്ററിലെത്തുകയായിരുന്നു. ഞായറാഴ്ച്ചയാണ് പുരസ്കാരവിതരണം നടക്കുക.

ഇന്ത്യയിലെ വ്യത്യസ്ത നഗരങ്ങളിലെ ഒമ്പത് സായ് സെന്ററുകളിലായാണ് ഇത്തവണ പുരസ്കാരദാനച്ചടങ്ങ് നടക്കുന്നത്. 74 പുരസ്കാര ജേതാക്കളിൽ 60 പേർ ഒമ്പത് സായ് സെന്ററുകളിലായി ഒത്തുകൂടും. രാഷ്ട്രപതി ഭവനിലെ ചടങ്ങിന് പകരം ഇവർക്ക് വെർച്വൽ ചടങ്ങിലൂടെയാണ്് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്കാരങ്ങൾ വിതരണം ചെയ്യുക. കോവിഡ് പോസിറ്റീവ് ഉൾപ്പെടെയുള്ള പല കാരണങ്ങൾ കൊണ്ടാണ് ശേഷിക്കുന്ന 14 താരങ്ങൾ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്.

ഈ വർഷം ഖേൽരത്ന പുരസ്കാരം അഞ്ചു പേർക്കാണ് ലഭിച്ചത്. റാണി രാംപാലിനെക്കൂടാതെ ക്രിക്കറ്റ് താരം രോഹിത് ശർമ, ഗുസ്തി ലോകചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ വിനേശ് ഫോഗാട്ട്, കോമൺവെൽത്ത് ഗെയിംസ് ടേബിൾ ടെന്നീസ് ചാമ്പ്യൻ മണിക ബത്ര, പാരാ അത്ലറ്റ് മാരിയപ്പൻ തങ്കവേലു എന്നിവർക്കാണ് ഖേൽരത്ന സമ്മാനിക്കുക.

ഇതിൽ റാണി രാംപാലും മാരിയപ്പൻ തങ്കവേലുവും ബെംഗളൂരുവിൽ നിന്നാണ് ചടങ്ങിൽ പങ്കെടുക്കുക. മണിക പത്ര പുണെയിൽ നിന്ന് ഇവരോടൊപ്പം ചേരും. നേരത്തെ കൊറോണ ടെസ്റ്റ് പോസിറ്റീവായ വിനേശ് ചടങ്ങിൽ പങ്കെടുക്കില്ല. ഐ.പി.എല്ലിനായി യു.എ.ഇയിലെത്തിയ രോഹിത് ശർമയും ചടങ്ങിനെത്തില്ല. വിനേശിനും രോഹിതിനും പുരസ്കാരം പിന്നീട് സമ്മാനിക്കും. ഖേൽരത്ന ജേതാക്കൾക്കൊപ്പം അർജുന ജേതാക്കൾക്കും ദ്രോണാചാര്യ ജേതാക്കൾക്കും പുരസ്കാരം സമ്മാനിക്കും.

Content Highlights: Womens hockey captain Rani Rampal attends National Sports Awards ceremony in PPE kit