കൊൽക്കത്ത: മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ
നാല്‍പത്തൊമ്പതാം പിറന്നാളിന് ആശംസകൾ അറിയിച്ച് ക്രിക്കറ്റ് ലോകം. സച്ചിൻ തെണ്ടുൽക്കർ, വിരാട് കോലി, സുരേഷ് റെയ്ന, വിവിഎസ് ലക്ഷ്മൺ, വീരേന്ദർ സെവാഗ് തുടങ്ങിയ താരങ്ങൾ സൗരവ് ഗാംഗുലിക്ക് ആശംസയുമായി ട്വീറ്റ് ചെയ്തു. ഇവരോടൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ഐസിസി) ചേർന്നു.

ഗാംഗുലിയുടെ പ്രധാനപ്പെട്ട മൂന്നു നേട്ടങ്ങൾ പരാമർശിച്ചാണ് ഐസിസിയുടെ ട്വീറ്റ്. 'ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ താരം, ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമ, 28 ഓവർസീസ് ടെസ്റ്റുകളിൽ 11 തവണ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ, സൗരവ് ഗാംഗുലിക്ക് പിറന്നാൾ ആശംസകൾ'.

ഏകദിനത്തിൽ 11,221 റൺസാണ് ഗാംഗുലിയുടെ സമ്പാദ്യം. ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരവും ഗാംഗുലി തന്നെയാണ്. 1996-ൽ അരങ്ങേറ്റ ടെസ്റ്റ് കളിച്ച ഗാംഗുലി ആ മത്സരത്തിൽ 131 റൺസാണ് അടിച്ചെടുത്തത്.

2000-ത്തിലാണ് താരം ഇന്ത്യയുടെ ക്യാപ്റ്റനാകുന്നത്. നാറ്റ് വെസ്റ്റ് ട്രോഫിയും 2002-ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയും ഗാംഗുലിക്ക് കീഴിൽ ഇന്ത്യ സ്വന്തമാക്കി. 2003-ൽ ഏകദിന ലോകകപ്പിന്റെ ഫൈനലിലെത്താനും ഇന്ത്യക്ക് കഴിഞ്ഞു.

Content Highlights: Wishes pour in on Sourav Gangulys 49th birthday