ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവും ബോക്‌സറുമായ വിജേന്ദര്‍ സിങ്.

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് തിരിച്ചു നല്‍കുമെന്ന് വിജേന്ദര്‍ സിങ് പറഞ്ഞു. ബോക്സിങ്ങില്‍ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡല്‍ ജേതാവാണ് വിജേന്ദര്‍.

ഡല്‍ഹിയി അതിര്‍ത്തിയിലെ സിംഗുവില്‍ കര്‍ഷക കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കര്‍ഷകരുടെയും സൈനികരുടെയും കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും അതിനാല്‍ തന്നെ അവരുടെ വേദനയും ഉത്കണ്ഠയും മനസിലാക്കാന്‍ സാധിക്കുമെന്നും വിജേന്ദര്‍ പറഞ്ഞു.

2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജേന്ദര്‍ ദക്ഷിണ ഡല്‍ഹിയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Content Highlights: will return Khel Ratna if farmers demands not accepted says Vijender Singh