കൊല്‍ക്കത്ത: ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിയുടെ ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 

വെള്ളിയാഴ്ച ബംഗാള്‍ ആരോഗ്യ വകുപ്പാണ് ഈ വിവരം പുറത്തുവിട്ടത്. സ്‌നേഹാശിഷ് ഗാംഗുലിയുടെ ഭാര്യയുടെ മാതാപിതാക്കള്‍ക്ക് കഴിഞ്ഞ ആഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സ്‌നേഹാശിഷിന്റെ പരിശോധനാഫലം നെഗറ്റീവാണ്. എങ്കിലും അദ്ദേഹത്തോട് ഐസൊലേഷനില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

സ്‌നേഹാശിഷിന്റെ മോമിന്‍പുരിലെ വീട്ടില്‍ സഹായിയായി ജോലി ചെയ്യുന്നയാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാം നഗരത്തിലെ ഒരു സ്വകാര്യ നെഴ്‌സിങ് ഹോമില്‍ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ച ഈ നാലു പേരും വിവിധ ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി അറിയിച്ചിരുന്നു. അവ കോവിഡ് ലക്ഷണങ്ങളുമായി സാമ്യമുളളതിനാല്‍ പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നുവെന്ന് ആരോഗ്യ വകുപ്പിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചവരാരും തന്നെ സൗരവ് ഗാംഗുലിയുടെ ബെഹലയിലുള്ള കുടുംബവീട്ടിലായിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: wife of Snehasish Ganguly the elder brother of BCCI president Sourav Ganguly test positive for Covid-19