Image Courtesy: Twitter
സതാംപ്ടണ്‍: പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ബൗളിങ്ങിനിടെ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡ് അസ്വസ്ഥത പ്രകടിപ്പിച്ചത് ക്രിക്കറ്റ് ലോകം ശ്രദ്ധിച്ച കാര്യമാണ്.
നാലാം ഓവര്‍ എറിയുന്നതിനിടെ ബ്രോഡ് 'ഇന്‍ഹെയ്‌ലര്‍' ആവശ്യപ്പെട്ട് ഡ്രസ്സിങ് റൂമിലേക്ക് ആംഗ്യം കാണിച്ചിരുന്നു. ഏതാനും നിമിഷം കാത്തിരുന്ന ശേഷമാണ് ഇന്‍ഹെയ്‌ലര്‍ എത്തിയത്. അത് ഉപയോഗിച്ച ശേഷം താരം കളിക്കളത്തില്‍ തുടരുകയും ചെയ്തു.
2015 ആഷസിനിടെയാണ് താന്‍ ആസ്തമ രോഗിയാണെന്ന കാര്യം ബ്രോഡ് വെളിപ്പെടുത്തുന്നത്. അത് മാത്രമല്ല പൂര്‍ണ വളര്‍ച്ചയെത്തുന്നതിന് മുമ്പേ ജനിച്ചതു കാരണം ഒന്നരഭാഗം ശ്വാസകോശം മാത്രമാണ് ബ്രോഡിനുള്ളത്. കരിയറിലെ 14 വര്‍ഷം ഒന്നരഭാഗം ശ്വാസകോശവുമായി ആസ്തമയോട് പൊരുതിയാണ് ബ്രോഡ് അതിജീവിച്ചത്.
2006-ല്‍ കരിയര്‍ ആരംഭിച്ച ബ്രോഡ് നീണ്ട ഒമ്പത് വര്‍ഷക്കാലം ഈ രഹസ്യം ആരോടും പറയാതെ കൊണ്ടുനടന്നു. 2015 ആഷസിനിടെ ടീം അംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയാത്ത രഹസ്യങ്ങള്‍ തുറന്നുപറയുന്നതിനിടെയാണ് ബ്രോഡ് തനിക്ക് എല്ലാവരേയും പോലെ രണ്ട് പൂര്‍ണ ശ്വാസകോശം ഇല്ലെന്ന് വെളിപ്പെടുത്തിയത്. ഇതുകേട്ട ടീം അംഗങ്ങള്‍ ഞെട്ടിപ്പോയതായും ബ്രോഡ് വെളിപ്പെടുത്തിയിരുന്നു.
''വളര്‍ച്ചയെത്തുന്നതിന് മൂന്നു മാസം മുമ്പായിരുന്നു എന്റെ ജനനം. ആ സമയത്ത് ആവശ്യമായ തൂക്കമോ വളര്‍ച്ചയോ ഉണ്ടായിരുന്നില്ല. മരണത്തിന്റെ വക്കിലായിരുന്നു ഞാന്‍. എന്റെ ശ്വാസകോശത്തിന്റെ ഒരു ഭാഗം പിന്നീട് വളര്‍ന്നില്ല. അതോടെ ആസ്തമയും ഇന്‍ഹെയ്‌ലറും എനിക്കൊപ്പം കൂടി. ഒരു കായികതാരമെന്ന നിലയില്‍ ഇത് എന്നെ ഒരിക്കലും ബാധിച്ചിട്ടില്ല. എന്നാല്‍ എന്റെ കരിയര്‍ മുഴുവന്‍ പകുതി ശ്വാസകോശം വെച്ചാണ് ഞാന്‍ കളിച്ചത് എന്നോര്‍ക്കുമ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നുന്നു.'' - ബ്രോഡ് പറഞ്ഞു.
Content Highlights: Why Stuart Broad used an inhaler during Southampton Test against Pakistan
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..