ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര വിജയിച്ച ഇന്ത്യന്‍ ടീം അംഗങ്ങളെ അഭിനന്ദിച്ച് പരിശീലകന്‍ രവിശാസ്ത്രി. മത്സരത്തിനുശേഷം ഡ്രസ്സിങ് റൂമില്‍ വെച്ചാണ് രവിശാസ്ത്രി എവരെയും ഒരുമിച്ച് ചേര്‍ത്ത് പ്രകടനത്തെ വിലയിരുത്തിയത്. രവി ശാസ്ത്രി താരങ്ങളെ പുകഴ്ത്തി സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു.

'പ്രിയപ്പെട്ടവരേ, എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. നിങ്ങള്‍ പ്രകടിപ്പിച്ച ധൈര്യവും ആത്മവിശ്വാസവും ശക്തിയും അദത്ഭുതമുളവാക്കുന്നു. പരിക്ക് നമ്മുടെ ടീമിനെ തളര്‍ത്തി. ആദ്യ ടെസ്റ്റില്‍ നമ്മള്‍ വെറും 36 റണ്‍സിന് ഓള്‍ ഔട്ടായി. പക്ഷേ നമ്മള്‍ നമ്മളെ വിശ്വസിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ മാറിത്തുടങ്ങി. അത് ഈ വിജയത്തില്‍ നിര്‍ണായകമായി'-രവിശാസ്ത്രി പറഞ്ഞു.

നാലാം ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത പൂജാരയെയും പന്തിനെയും ഗില്ലിനെയുമെല്ലാം പ്രത്യേകം അഭിനന്ദിക്കാനും രവിശാസ്ത്രി മറന്നില്ല. പുതുമുഖ താരങ്ങളായ സിറാജിനെയും നടരാജനെയും സുന്ദറിനെയും ശാര്‍ദുലിനെയുമെല്ലാം രവിശാസ്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. 

ഇന്ന് ഇന്ത്യ മാത്രമല്ല ലോകം മുഴുവന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ ആദരവോടെ തലകുനിച്ച് നില്‍ക്കുകയാണ്. ഈ നിമിഷം നമ്മള്‍ ആസ്വദിക്കണം. മതിവരുവോളം നമ്മുടെ വിജയം ആഘോഷിക്കൂ. നിങ്ങളെല്ലാവരും ലോകോത്തര നിലവാരമുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. അഭിനന്ദനങ്ങള്‍'-രവിശാസ്ത്രി പറഞ്ഞുനിര്‍ത്തി.

ആദ്യ ടെസ്റ്റില്‍ ദയനീയമായി തോല്‍വി വഴങ്ങിയ ഇന്ത്യ രണ്ടാം നിര ടീമിനെയും കൊണ്ട് അവിശ്വസനീയമായ പ്രകടനത്തിലൂടെയാണ് വിജയം സ്വന്തമാക്കിയത്. അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഓസിസ് മണ്ണില്‍ വിജയക്കൊടി പാറിച്ചത്. 

Content Highlights: ‘Whole world will stand up & salute you,' Shastri hails Rahane & Co in dressing room speech