സച്ചിൻ തെണ്ടുൽക്കർ| പിടി ഉഷ| നീരജ് ചോപ്ര | Photo: PTI|Mathrubhumi|PTI
സച്ചിന് തെണ്ടുല്‍ക്കര്‍
ക്രിക്കറ്റ്
ജനനം: 24 ഏപ്രില്‍, 1973, മുംബൈ
ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാള്‍. ഏകദിനത്തില്‍ 18,426 റണ്‍സും ടെസ്റ്റില്‍ 15,921 റണ്‍സും നേടിയ സച്ചിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. ടെസ്റ്റിലും ഏകദിനത്തിലുമായി 100 സെഞ്ചുറികള്‍. പുരുഷ ഏകദിന ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ താരം. 1989-ല്‍ അരങ്ങേറ്റം കുറിച്ച സച്ചിന് 2013 വരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ന്നു. 2011-ല്‍ ഏകദിന ലോകകപ്പ് കിരീടം ചൂടി. 1994-ല്‍ അര്‍ജുന അവാര്‍ഡ് നേടിയ സ്വന്തമാക്കിയ സച്ചിന് 1997-98 ല്‍ രാജ്യം ഖേല്‍രത്ന പുരസ്കാരം നല്കി ആദരിച്ചു. 2014-ല്‍ രാജ്യത്തെ പരമോതന്ന പുരസ്കരമായ ഭാരതരത്നയും നല്കി.
കപില്‍ദേവ്
ക്രിക്കറ്റ്
ജനനം: 6 ജനുവരി, 1959
ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് ലോകകപ്പ് ജയിച്ച ആദ്യത്തെ ക്യാപ്റ്റന്‍. 1983 ഏകദിന ലോകകപ്പില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടുമ്പോള്‍ കപില്‍ ദേവായിരുന്നു ക്യാപ്റ്റന്റെ റോളില്‍. ലോകകപ്പ് കിരീടം നേടുന്ന പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോഡും കപിലിന്റെ പേരിലാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് കപില്‍. ഇന്ത്യയ്ക്കായി 131 ടെസ്റ്റും 225 ഏകദിനവും കളിച്ചു. ടെസ്റ്റില്‍ 5,248 റണ്‍സും 434 വിക്കറ്റും നേടി. ഏകദിനത്തില്‍ 3,783 റണ്‍സും 253 റണ്‍സും നേടി. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ പേസ് ബൗളറും കപില്‍ തന്നെ. വിക്കറ്റ് വേട്ടയില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ അനില്‍ കുംബ്ലെയ്ക്ക് പിറകിലായി രണ്ടാം സ്ഥാനത്തുമുണ്ട്. 1979-80 അര്‍ജുന അവാര്‍ഡ് സ്വന്തമാക്കി. 1982-ല്‍ പദ്മശ്രീയും 1991-ല്‍ പദ്മഭൂഷണും നേടി.
മഹേന്ദ്ര സിങ് ധോനി
ക്രിക്കറ്റ്
ജനനം: 7 ജൂലൈ, 1981
ഇന്ത്യയെ രണ്ട് ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍. 2007-ല്‍ ട്വന്റി-20 ലോകകപ്പിലും 2011-ല്‍ ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം നേടുമ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് മഹേന്ദ്ര സിങ് ധോനിയായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരുടെ പട്ടികയിലും മുന്നിലുണ്ട് ധോനി. ഇന്ത്യയ്ക്കായി 90 ടെസ്റ്റുകളിലും 350 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റില്‍ 4876 റണ്‍സും ഏകദിനത്തില്‍ 10773 റണ്‍സും നേടി. ധോനിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു ഇന്ത്യ ആദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. 2013-ല്‍ ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫിയിലും ധോനിക്ക് കീഴില്‍ ഇന്ത്യ കിരീടം ചൂടി. 2007-08 -ല്‍ ഖേല്‍രത്ന പുര്സകാരം സ്വന്തമാക്കി. 2009-ല്‍ പദ്മശ്രീയും 2018-ല്‍ പദ്മഭൂഷണും നല്കി രാജ്യം ആദരിച്ചു. 2008, 2009 വര്‍ഷങ്ങളില്‍ ഐ.സി.സി.യുടെ ഏകദിന താരമെന്ന അവാര്‍ഡും സ്വന്തമാക്കി.
അഭിനവ് ബിന്ദ്ര
ഷൂട്ടിങ്
ജനനം: 28, സെപ്റ്റംബര്‍ 1982
ഇന്ത്യയ്ക്കായി ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണമെഡല്‍ നേടിയ ആദ്യ താരമാണ് അഭിനവ് ബിന്ദ്ര. 2008 ബെയ്ജിങ് ഒളിമ്പിക്സില്‍ പത്ത് മീറ്റര്‍ എയര്‍ റൈഫിളിലായിരുന്നു ബിന്ദ്രയുടെ നേട്ടം. 2006 സാഗ്രെബ് ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലും ബിന്ദ്ര സ്വര്‍ണം നേടിയിരുന്നു. വിവിധ കോമണ്‍വെല്‍ത്ത് ഗെയിംസുകളിലായി നാല് സ്വര്‍ണം രണ്ട് വെള്ളി ഒരു വെങ്കലം എന്നിവ നേടി. ഏഷ്യന്‍ ഗെയിംസില്‍ ഒരു വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കി. 2016 റിയോ ഒളിമ്പിക്സില്‍ പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ നാലാം സ്ഥാനത്തും പൂര്‍ത്തിയാക്കി. 2000-അര്‍ജുന അവാര്‍ഡ് നേടി. 2002- ഖേല്‍രത്ന പുരസ്കാരം നേടി. 2009-ല്‍ പദ്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചു.
സുശീല്‍കുമാര്‍
ഗുസ്തി
ജനനം: 26 മേയ് 1983
രാജ്യത്തിനായി രണ്ട് വ്യക്തിഗത ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ താരം. 2008 ബെയ്ജിങ് ഒളിമ്പിക്സില്‍ 66 കിലോ വിഭാഗം ഗുസ്തിയില്‍ വെങ്കലം നേടിയ സുശീല്‍ കുമാര്‍ 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ ഇതേയിനത്തില്‍ വെള്ളി മെഡല്‍ നേടി. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയുടെ പതാകവാഹകനായിരുന്നു സുശീല്‍. ഡല്‍ഹി, ഗ്ലാസ്കോ, ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ സുശീല്‍ 2006 ദോഹ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും നേടിയിട്ടുണ്ട്. 2005-ല്‍ അര്‍ജുന അവാര്‍ഡും 2009-ല്‍ ഖേല്‍രത്ന പുരസ്കാരവും സ്വന്തമാക്കി. 2011 രാജ്യം പദ്മശ്രീ നല്കി ആദരിച്ചു.
നീരജ്ചോപ്ര
അത്ലറ്റിക്സ്
ജനനം: 24, ഡിസംബര്‍ 1997
ഒളിമ്പിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ് ചോപ്ര. ടോക്യോ ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോയിലായിരുന്നു നീരജിന്റെ നേട്ടം. ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരന് എന്ന റെക്കോഡും നീരജിന് തന്നെ. 2018- ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ്, 2018 കോമണ്‍വെല്‍ത്ത് ഗെയിംസ്, 2017 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, 2016 സൗത്ത് ഏഷ്യന്‍ ഗെയിംസ് എന്നിവയിലും സ്വര്‍ണം നേടിയിട്ടുണ്ട്. 2016-ല്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് നീരജിന്റെ വരവ്. 2018- അര്‍ജുന അവാര്‍ഡും 2021-ല്‍ ഖേല്‍രത്ന പുരസ്കാരവും നേടി.
പി വി സിന്ധു
ബാഡ്മിന്റണ്‍
ജനനം: 5 ജൂലൈ, 1995
രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ താരവും രണ്ടാമത്തെ ഇന്ത്യന്‍ താരവുമാണ് പി.വി. സിന്ധു. 2016 റിയോ ഒളിമ്പിക്സില്‍ വെള്ളി നേടിയ സിന്ധു 2020 ടോക്യോ ഒളിമ്പിക്സില്‍ വെങ്കലവും സ്വന്തമാക്കി. 2019 ബാസേല് ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി. ലോകചാമ്പ്യന്‍ഷിപ്പില്‍ ഈ സ്വര്‍ണത്തിന് പുറമെ രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ ഒരു വെള്ളിയും ഒരു വെങ്കലവും. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒന്നു വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും സ്വന്തമാക്കി. 2013 അര്‍ജുന അവാര്‍ഡ് സ്വന്തമാക്കി. 2015-ല്‍ പദ്മശ്രീയും 2020 പദ്മഭൂഷണും ലഭിച്ചു. 2016-ല്‍ ഖേല്‍രത്ന പുരസ്കാരവും സ്വന്തമാക്കി.
ഉദ്ദം സിങ്
ഹോക്കി
4, ഓഗസ്റ്റ് 1928
നാല് ഒളിമ്പിക്സ് മെഡല്‍ നേടിയ രണ്ട് ഇന്ത്യക്കാരില്‍ ഒരാളാണ് ഉദ്ദം സിങ്. 1952 ഹെല്‍സിങ്കി, 1956 മെല്‍ബണ്‍, 1964 ടോക്യോ ഒളിമ്പിക്സ് എന്നിവയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 1960 റോം ഒളിമ്പിക്സില്‍ വെള്ളി നേടിയ ടീമിലും ഉദ്ദം സിങ്ങുണ്ടായിരുന്നു. 1958 ടോക്യോ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയപ്പോഴും ഉദ്ദം സിങ് സാന്നിധ്യമറിയിച്ചു. 1968 മെക്സിക്കോ ഒളിമ്പിക്സില്‍ വെങ്കലം നേടുമ്പോള്‍ പരിശീലക സംഘത്തില്‍ ഉദ്ദം സിങ്ങുണ്ടായിരുന്നു. 1965-ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ചു.
ലസ്ലി കൗഡിയസ്
ഹോക്കി,
25 മാര്‍ച്ച് 1927
നാല് ഒളിമ്പിക് മെഡല്‍ നേടിയ താരം. 1948 ലണ്ടന്‍, 1952 ഹെല്‍സിങ്കി, 1956 മെല്‍ബണ്‍ ഒളിമ്പിക്സുകളില്‍ സ്വര്‍ണം നേടിയ ഹോക്കി ടീമില്‍ അംഗമായിരുന്നു ലസ്ലി കൗഡിയസ്. 1960- റോം ഒളിമ്പിക്സില്‍ വെള്ളിയും നേടി. 1958 ഏഷ്യന്‍ ഗെയിംസിലും വെള്ളി നേടി. ഇന്ത്യക്കായി നൂറിലേറെ ഹോക്കി മത്സരം കളിച്ചിട്ടുണ്ട്. 1978 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പരിശീലിപ്പിക്കുകയും ചെയ്തു. 1971-ല്‍ പദ്മശ്രീ പുരസ്കാരം സ്വന്തമാക്കി.
ബല്‍ബീര്‍ സിങ് സീനിയര്‍
ഹോക്കി
ജനനം: 10 ഒക്ടോബര്‍ 1924
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഹോക്കി താരങ്ങളില്‍ ഒരാളാണ് ബല്‍ബീര്‍ സിങ് സീനിയര്‍. 1948 ലണ്ടന്‍ ഒളിമ്പിക്സ്, 1952 ഹെല്‍സിങ്കി ഒളിമ്പിക്സ്, 1956 മെല്‍ബണ്‍ ഒളിമ്പിക്സ് എന്നിവയില്‍ ഇന്ത്യയെ സ്വര്‍ണമണിയിച്ചു. 1952-ല്‍ വൈസ് ക്യാപ്റ്റനും 1956- ല്‍ ക്യാപ്റ്റനുമായിരുന്നു. രാജ്യത്തിനായി എട്ട് ഒളിമ്പിക് മത്സരങ്ങളില്‍ നിന്ന് 22 ഗോളുകള്‍ നേടി. കായിക മേഖലയില്‍ പദ്മശ്രീ (1957) നേടുന്ന ആദ്യ താരമാണ്. 1971-ല്‍ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടുമ്പോള്‍ ബല്‍ബീറായിരുന്നു പരിശീലകന്.
അജിത്പാല്‍ സിങ്
ഹോക്കി
1, ഏപ്രില്‍ 1947
ഇന്ത്യയുടെ ഏക ഹോക്കി ലോകകപ്പ് കിരീടത്തിലെ നായകന്. 1975-ല്‍ ക്വലാലംപുരില്‍ വെച്ചായിരുന്നു ഇന്ത്യയുടെ ലോകകപ്പ് കിരീടം. 1968 മെക്സിക്കോ സിറ്റി, 1972 മ്യൂണിക്ക് ഒളിമ്പിക്സ് എന്നിവയില്‍ വെങ്കലം നേടിയ ടീമില്‍ അംഗമായിരുന്നു. 1970, 1974 ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ ടീമിലും അജിത് പാല് അംഗമായിരുന്നു. 1970 അര്‍ജുന അവാര്‍ഡ് ലഭിച്ചു. 1992-ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു.
മേരി കോം
ബോക്സിങ്
ജനനം: 24 നവംബര്‍, 1982
ലോക അമച്വര്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് തവണ ചാമ്പ്യന്‍ പട്ടം നേടിയ ഏക വനിതയാണ് മേരി കോം. മണിപ്പുര്‍ സ്വദേശിയായ ഈ 39 കാരിയുടെ പേരില്‍ ഒട്ടേറെ റെക്കോഡുകളുണ്ട്. ആദ്യ ഏഴ് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടിയ വനിത, എട്ട് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടിയ ഏക ബോക്സര്‍, ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഒളിമ്പിക്സിലും മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ബോക്സര്‍ എന്നിങ്ങനെ റെക്കോഡുകളുടെ പട്ടിക നീളുന്നു. 2012ലെ ലണ്ടന്‍ ഒളിമ്പിക്സിലാണ് മേരി കോം രാജ്യത്തിനായി വെങ്കല മെഡല്‍ നേടുന്നത്.
2016ല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മേരി കോമിനെ പത്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ് ബഹുമതികള്‍ നല്കി രാജ്യം ആദരിച്ചിട്ടുണ്ട്.
പ്രകാശ് പദുക്കോണ്‍
ബാഡ്മിന്റണ്‍
ജനനം: 10 ജൂണ്‍, 1955
ബെംഗളൂരു സ്വദേശിയായ പ്രകാശ് പദുക്കോണ്‍ രാജ്യം കണ്ട ഏറ്റവും മികച്ച ബാഡ്മിന്റണ്‍ താരങ്ങളിലൊരാളാണ്. ഒമ്പത് വര്‍ഷം തുടര്‍ച്ചയായി ദേശീയ സീനിയര്‍ ചാമ്പ്യനായ പ്രകാശ് 1980ല്‍ ലോക ഒന്നാം നമ്പര്‍ താരവുമായി. ആ വര്‍ഷത്തെ ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ജേതാവും പ്രകാശ് തന്നെയായിരുന്നു. ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. 1980ല്‍ തന്നെ ഡാനിഷ് ഓപ്പണ്‍, സ്വീഡിഷ് ഓപ്പണ്‍ മത്സരങ്ങളിലും പ്രകാശ് ജേതാവായി.
1972ല്‍ അര്‍ജുന അവാര്‍ഡും 1982ല്‍ പത്മശ്രീ ബഹുമതിയും നല്കി രാജ്യം പ്രകാശ് പദുക്കോണിനെ ആദരിച്ചു. 1991ല്‍ കരിയറില്‍ നിന്ന് വിരമിച്ച പ്രകാശ് കുറച്ചുകാലം ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. 1993 മുതല്‍ 1996 വരെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനുമായിരുന്നു. ഇന്ത്യയുടെ ഒളിമ്പിക്സ് നേട്ടങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒളിമ്പിക്സ് ഗോള്‍ഡ് ക്വെസ്റ്റ് (ഒ.ജി.ക്യു.) എന്ന സംഘടനയുടെ സ്ഥാപകനും മുന്‍നിര പ്രവര്‍ത്തകനുമാണ് പ്രകാശ്.
വിജയ് അമൃത്രാജ്
ജനനം: 14 ഡിസംബര്‍, 1953
തമിഴ്നാട്ടില്‍ നിന്നുള്ള പ്രൊഫഷനല്‍ ടെന്നീസ് താരമായിരുന്ന വിജയ് അമൃത്രാജ് 1973ല്‍ വിംബിള്‍ഡണ്‍, യു.എസ്. ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയിരുന്നു. ഒരു കലണ്ടര്‍ വര്‍ഷത്തിലെ രണ്ട് ഗ്രാന്സ്ലാം മത്സരങ്ങളില്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ച ഏക ഇന്ത്യക്കാരന് വിജയ് തന്നെയാണ്. യു.എസ്. ഓപ്പണില്‍ 1974ലും വിംബിള്‍ഡണില്‍ 1981ലും വിജയ് വീണ്ടും ക്വാര്‍ട്ടര്‍ വരെയെത്തി. 1980 മാര്‍ച്ച് 24ന് ലോക റാങ്കിങില്‍ 23-ാം സ്ഥാനത്തെത്തിയിരുന്നു. 1974ലും 1987ലും ഡേവിസ് കപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ ഡബിള്‍സ് ടീമിലും വിജയ് അംഗമായിരുന്നു. 16 സിംഗിള്‍സ് കിരീടങ്ങളും 13 ഡബിള്‍സ് കിരീടങ്ങളും നേടിയിട്ടുള്ള വിജയ് അമൃത്രാജിനെ 83ല്‍ രാജ്യം പദ്മശ്രീ പുരസ്കാരം നല്കി ആദരിച്ചു. ഐക്യരാഷ്ട്രസഭയുടെ സമാധാനത്തിനുള്ള അംബാസഡറായി 2001ല്‍ നിയമിക്കപ്പെട്ട വിജയ് ലഹരിമരുന്ന്, എയ്ഡ്സ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
പി.ടി. ഉഷ
ജനനം: 27 ജൂണ്‍1964
സ്വദേശം: കേരളം
ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്ലറ്റിക് താരങ്ങളില്‍ ഒരാളാണ് പി.ടി. ഉഷ. 1980 ലെ മോസ്കോ ഒളിമ്പിക്സിലാണ് ഉഷയുടെ അരങ്ങേറ്റം. 1982 ല്‍ ഡല്‍ഹിയില്‍ വച്ചു നടന്ന ഏഷ്യാഡില്‍ നൂറുമീറ്റര്‍ ഓട്ടത്തിലും, ഇരുന്നൂറുമീറ്റര്‍ ഓട്ടത്തിലും വെള്ളിമെഡല്‍ കരസ്ഥമാക്കി. 1984 ലോസ് ആഞ്ജലീസ് ഒളിമ്പിക്സില്‍ നാനൂറു മീറ്റര്‍ ഹര്‍ഡില്‍സ് ഓട്ടത്തില്‍ സെമിഫൈനലില്‍ ഒന്നാമതായി ഓടിയെത്തിയെങ്കിലും ഫൈനലില്‍ ഫോട്ടോഫിനിഷില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1984ല്‍ പദ്മശ്രീ ബഹുമതിയും അര്‍ജുന അവാര്‍ഡും ഉഷ കരസ്ഥമാക്കി. 1985 ലും 1986 ലും ലോക അത്ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളില്‍ ഒരാള്‍ ഉഷയായിരുന്നു. ഏഷ്യന്‍ ഗെയിംസുകളില്‍ നിന്നും ഏഷ്യന്‍ ചാമ്പ്യന്‍ ഷിപ്പുകളില്‍ നിന്നുമായി 13 സ്വര്‍ണ മെഡലുകള്‍ പി.ടി. ഉഷ കരിയറില്‍ നേടിയിട്ടുണ്ട്. ഗോള്‍ഡന്‍ ഗേള്‍, പയ്യോളി എക്സ്പ്രസ് എന്നീ പേരുകളിലാണ് പി.ടി. ഉഷ കായികരംഗത്ത് അറിയപ്പെടുന്നത്.
അഞ്ജു ബേബി ജോര്‍ജ്
ജനനം: 1977 ഏപ്രില്‍ 19
സ്വദേശം: കേരളം
2003 ല്‍ പാരീസില്‍ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ്ജമ്പില്‍ വെങ്കല മെഡല്‍ നേടിയാണ് അഞ്ജു ചരിത്രം സൃഷ്ടിച്ചത്. ലോക അത്ലറ്റിക്സ് മീറ്റില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ കായികതാരമായി ഈ നേട്ടത്തിലൂടെ അഞ്ജു മാറി. 2005 ല്‍ വേള്‍ഡ് അത്ലറ്റിക്സ് ഫൈനലില്‍ സ്വര്‍ണ മെഡലും കരസ്ഥമാക്കി. 2002ല്‍ അര്‍ജുന, 2003 ല്‍ ഖേല്‍രത്ന, 2004 ല്‍ പത്മശ്രീ എന്നിവ നല്കി രാജ്യം അഞ്ജുവിനെ ആദരിച്ചു. 2004 ല്‍ ആതന്‍സ് ഒളിമ്പിക്സില്‍ അഞ്ചാം സ്ഥാനത്തും അഞ്ജു ഫിനിഷ് ചെയ്തിരുന്നു. അന്ന് ചാടിയ 6.83 മീറ്ററാണ് അഞ്ജുവിന്റെ കരിയര്‍ ബെസ്റ്റ് ജമ്പ്. ഇപ്പോഴും ഇത് ദേശീയ റെക്കോഡായി തുടരുന്നു. 2002 ല്‍ ഏഷ്യന്‍ ഗെയിംസിലും സുവര്‍ണ നേട്ടം കരസ്ഥമാക്കാന്‍ അഞ്ജുവിന് സാധിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച അത്ലറ്റിനുള്ള ബിബിസി ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും അഞ്ജു കരസ്ഥമാക്കിയിട്ടുണ്ട്.
മില്‍ഖ സിങ്
അത്ലറ്റിക്സ്
ജനനം: 20 നവംബര്‍ 1929
'പറക്കും സിഖ്'' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മില്‍ഖാ സിങ്ങ് മധ്യദൂര ഓട്ടത്തിലായിരുന്നു ഐതിഹാസികമായ പ്രകടനങ്ങള്‍ നടത്തിയത്. ഒന്നിലധികം ഒളിമ്പിക്സ് മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്. നാനൂറു മീറ്റര്‍ ഓട്ടത്തില്‍ 1960ലെ റോം ഒളിമ്പിക്സില്‍ നാലാം സ്ഥാനത്തെത്തിയിരുന്നു. 1962 ല്‍ ജക്കാര്‍ത്തയില്‍ വെച്ചു നടന്ന ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഓട്ടത്തിലും, ടീം ഇനത്തില്‍ 4ഃ400 മീറ്റര്‍ റിലേയിലും സിങ് സ്വര്‍ണം നേടുകയുണ്ടായി. 1958ല്‍ വെയ്ല്‍സിലെ കാര്‍ഡിഫില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ മില്‍ഖ സിങാണ് ഇന്ത്യയ്ക്ക് രാജ്യാന്തര ട്രാക്കില്‍ നിന്ന് ആദ്യമായി സ്വര്‍ണം സമ്മാനിച്ചത്. നാനൂറു മീറ്ററില്‍ സിങ് സ്ഥാപിച്ച ഏഷ്യന്‍ റെക്കോര്‍ഡ് 26 വര്‍ഷവും ദേശീയ റെക്കോര്‍ഡ് 38 വര്‍ഷവും ഇളക്കം തട്ടാതെ നിന്നു. 1959 ല്‍ രാജ്യം പദ്മശ്രീ നല്കി അദ്ദേഹത്തെ ആദരിച്ചു.
ലിയാണ്ടര്‍ പേസ്
ടെന്നീസ്
ജനനം: 17 ജൂണ്‍, 1973
ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും ടെന്നിസ് കോര്‍ട്ടിലെ ഇന്ത്യന്‍ ഇതിഹാസം. 18 ഗ്രാന്സ്ലാം (എട്ട് ഡബിള്‍സ്, പത്ത് മിക്സഡ് ഡബിള്‍സ്), ഡേവിസ് കപ്പില്‍ 43 വിജയങ്ങള്‍, തുടര്‍ച്ചയായി ഏഴ് ഒളിമ്പിക്സില്‍ പങ്കാളിത്തം... ഇതാണ് പേസിന്റെ കരിയര്‍ ഒറ്റ നോട്ടത്തില്‍. 1996ല്‍ അറ്റ്ലാന്റ ഒളിമ്പിക്സില്‍ ടെന്നിസില്‍ വെങ്കലം നേടിയ പേസ് ഇന്ത്യക്ക് ഇന്നും സമാനതകളില്ലാത്ത നേട്ടമാണ് സമ്മാനിച്ചത്. 2015ല്‍ മാര്‍ട്ടിന ഹിംഗിസുമായി ചേര്‍ന്ന് മിക്സഡ് ഡബിള്‍സില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍, യു.എസ്. ഓപ്പണ്‍ എന്നിവ നേടി. 2016ല്‍ ഫ്രഞ്ച് ഓപ്പണും വിജയിച്ച് കരിയര്‍ ഗ്രാന്‍ഡ്സ്ലാം പൂര്‍ത്തിയാക്കി. പദ്മശ്രീ, പദ്മഭൂഷണ്‍, അര്‍ജുന അവാര്‍ഡ് എന്നിവ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
മഹേഷ് ഭൂപതി
ടെന്നീസ്
ആദ്യമായി ഗ്രാന്സ്ലാം നേടിയ ഇന്ത്യന്‍ ടെന്നിസ് താരം. 1997ല്‍ മിക്സഡ് ഡബിള്‍സില്‍ ജാപ്പനിസ് താരമായ റിക ഹിരാകിയുമായി ചേര്‍ന്ന് ഫ്രഞ്ച് ഓപ്പണില്‍ വിജയിച്ചു. ഡബിള്‍സില്‍ നാല് വട്ടവും മിക്സഡ് ഡബിള്‍സില്‍ 8 തവണയും ഗ്രാന്‍്സ്ലാം ചാമ്പ്യന്‍ ആയിട്ടുണ്ട്. 1999ല്‍ പേസ് ഭൂപതി സഖ്യം നാല് ഗ്രാന്സ്ലാം ടൂര്‍ണമെന്റുകളുടെയും ഫൈനലിലെത്തുകയും വിംബിള്‍ഡണിലും ഓസ്ട്രേലിയന്‍ ഓപ്പണിലും ചാമ്പ്യന്മാരാകുകയും ചെയ്ത് ഇന്ത്യന്‍ ടെന്നിസ് ചരിത്രത്തിലെ ഏറ്റവും തിലക്കമുള്ള അധ്യായമാണ്.
വിശ്വനാഥന് ആനന്ദ്
ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍. 1988ലാണ് വിശ്വനാഥന് ആനന്ദ് എന്ന ചെന്നൈക്കാരന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ലോക ചെസ്സ് കിരീടം നേടിയ ആദ്യ ഏഷ്യക്കാരന്, ചെസ്സ് ഓസ്കാര്‍ ലഭിച്ച ആദ്യ ഏഷ്യക്കാരന് എന്നീ നേട്ടങ്ങളും ഇദ്ദേഹത്തിന്റെ പേരിലാണ്. അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള ഇദ്ദേഹം ലോകത്തെ ഏറ്റവും പ്രശസ്തരായ ചെസ് താരങ്ങളില്‍ ഒരാളായി അറിയപ്പെടുന്നു. മികച്ച ചെസ്സ് കളിക്കാരനുള്ള ചെസ്സ് ഓസ്കര് ആറ് തവണ നേടിയിട്ടുണ്ട്. 1991ല്‍ ഇന്ത്യയില്‍ ഖേല്‍ രത്ന പുരസ്കാരം ഏര്‍പ്പെടുത്തിയപ്പോള്‍ അതിന് ആദ്യമായി അര്‍ഹനായത് വിശ്വനാഥന് ആനന്ദാണ്. പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ് തുടങ്ങിയ ബഹുമതികള്‍ക്കും അര്‍ഹനായിട്ടുണ്ട്.
പങ്കജ് അദ്വാനി
23 തവണ ലോക ചാമ്പ്യനായിട്ടുള്ള ബില്യാഡ്സ് താരം. ഏറ്റവും കൂടുതല്‍ തവണ ഈ നേട്ടം കൈവരിച്ചതിന്റെ റെക്കോഡ് ഈ ഇന്ത്യന്‍ താരത്തിന്റെ പേരിലാണ്. ഏഷ്യയിലും ലോകത്തിലും ബില്യാഡ്സിന്റെയും സ്നൂക്കറിന്റെയും എല്ലാ ഫോര്‍മാറ്റിലും ചാമ്പ്യനായിട്ടുള്ള ഏക താരവും പങ്കജ് അദ്വാനിയാണ്. അര്‍ജുന അവാര്‍ഡ്, ഖേല്‍രത്ന, പദ്മശ്രീ, പദ്മഭൂഷണ്‍ എന്നിവ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Content Highlights: Who is India's greatest ever sportsperson?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..