പെണ്‍കുഞ്ഞിനെ വരവേറ്റ് രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സ്വവര്‍ഗ ദമ്പതികള്‍


കിവീസിനായി കളിക്കവെ 2017-ലാണ് ഇരുവരും വിവാഹിതരാകുന്നത്. പിന്നീട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് തങ്ങള്‍ ഒരു കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് ഇരുവരും അറിയിച്ചത്

Photo Courtesy: twitter

വെല്ലിങ്ടണ്‍: രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സ്വവര്‍ഗ ദമ്പതികളായ ആമി സാറ്റെര്‍ത്‌വെയ്റ്റിനും ലീ താഹുഹുവിനും പെണ്‍കുഞ്ഞ് പിറന്നു. ന്യൂസീലന്‍ഡ് വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളായ ഇരുവരും ഗ്രേസ് മേരി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ലീ താഹുഹുവാണ് കുഞ്ഞിന്റെ ജനനം ലോകത്തോട് പറഞ്ഞത്. ഈ മാസം 13-ന് ആയിരുന്നു ഗ്രേസ് മേരിയുടെ ജനനമെങ്കിലും വ്യാഴാഴ്ചയാണ് താഹുഹു ഇക്കാര്യം പരസ്യമാക്കിയത്. കുഞ്ഞിന്റെ വിരലുകള്‍ ചേര്‍ത്തുപിടിക്കുന്ന ഇരുവരുടെയും കൈകളുടെ ചിത്രത്തിനൊപ്പമാണ് താഹുഹുവിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്.

കിവീസിനായി കളിക്കവെ 2017-ലാണ് ഇരുവരും വിവാഹിതരാകുന്നത്. പിന്നീട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് തങ്ങള്‍ ഒരു കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് ഇരുവരും അറിയിച്ചത്. ഇതിനു പിന്നാലെ ആമി സാറ്റെര്‍ത്‌വെയ്റ്റിന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രസവാവധി അനുവദിക്കുകയും ചെയ്തിരുന്നു.

White Ferns couple Amy Satterthwaite and Lea Tahuhu welcome baby

കഴിഞ്ഞ വര്‍ഷമാണ് ന്യൂസീലന്‍ഡ് ക്രിക്കറ്റ്, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രസവാവധി അനുവദിച്ചുകൊണ്ട് നിയമം പരിഷ്‌കരിച്ചത്. ആമിക്ക് മുഴുവന്‍ പ്രതിഫലത്തോടുകൂടി പ്രസവാവധി നല്‍കുമെന്ന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് സി.ഇ.ഒ. ഡേവിഡ് വൈറ്റ് അറിയിച്ചിരുന്നു. ഇതോടെ ഈ ആനുകൂല്യം ലഭിക്കുന്ന ആദ്യ താരമെന്ന അപൂര്‍വതയും ആമിയെ തേടിയെത്തി.