-
കൊൽത്തക്ക: ക്രിക്കറ്റിൽ എന്നല്ല ഏതൊരു മേഖലയിലായാലും മാൻ മാനേജ്മെന്റിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഒരു ലീഡർ എന്ന നിലയിൽ വിവിധ സ്വഭാവങ്ങളുള്ള വിവിധ ജീവിത സാഹചര്യങ്ങളിലുള്ള വിവിധ സംസ്കാരങ്ങളിലുള്ള വ്യക്തികളെ നിങ്ങൾക്ക് ഒന്നിച്ച് കൈകാര്യം ചെയ്യേണ്ടി വരുമെന്നും അപ്പോൾ ഓരോരുത്തരേയും കൃത്യമായി മനസിലാക്കി തീരുമാനമെടുക്കാൻ സാധിക്കണമെന്നും ഗാംഗുലി പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കു മുമ്പ് കൊൽക്കത്തയിൽ ഒരു മോട്ടിവേഷൻ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത ധ്രുവങ്ങളിലുള്ള യുവ്രാജ് സിങ്ങിനെയും രാഹുൽ ദ്രാവിഡിനെയും പോലെയുള്ള താരങ്ങളെ ഒന്നിച്ചുകൊണ്ടു പോയതിനെ കുറിച്ചും ദാദ സംസാരിച്ചു.
''2000-ൽ കെനിയയിൽ (ഐ.സി.സി നോക്കൗട്ട് ട്രോഫി - പിന്നീട് ഇത് ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയായി) യുവ്രാജ് സിങ് ആദ്യമായി ദേശീയ ടീമിലെത്തിയ സമയം. അന്ന് അദ്ദേഹം നിങ്ങളെ പോലെ 18 - 19 വയസുള്ള ഒരു ചെറുപ്പക്കാരനാണ്. രാജ്യാന്തര ക്രിക്കറ്റിൽ ശ്രദ്ധ നേടാൻ ശ്രമിക്കുന്ന ഒരു താരം. ഇന്നത്തെ പോലെ ഡിജിറ്റൽ മീഡിയകളൊന്നും ഇല്ലാത്ത കാലമാണ്. മൊബൈൽ ഫോൺ ഇല്ല, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവയൊന്നും തന്നെയില്ല. അന്ന് ജീവിതം അടിച്ചുപൊളിക്കുന്ന പ്രായത്തിലാണ് അവൻ. പുറത്തു പോകാനും പാർട്ടികളിൽ പങ്കെടുക്കാനുമെല്ലാം താത്‌പര്യപ്പെടുന്ന പ്രായം. അന്ന് നെയ്റോബിയിലെത്തിയപ്പോൾ ക്യാപ്റ്റനെന്ന നിലയിൽ ഞാൻ ആദ്യം ചെയ്തത് ഹോട്ടലിലെ സുരക്ഷാ ചുമതലയുള്ള ഒരാളെ വിളിക്കുകയായിരുന്നു. എ.കെ 47 ഒക്കെ പിടിച്ച് നിൽക്കുന്ന നല്ല ആരോഗ്യമുള്ള ഒരാൾ. ഒരു മിനിറ്റ് ഒന്ന് സംസാരിക്കാമോ എന്ന് ഞാൻ അയാളോട് ചോദിച്ചു. ഞങ്ങൾ ഇവിടെ ചാമ്പ്യൻസ് ട്രോഫി കളിക്കാനെത്തിയ ഇന്ത്യൻ ടീം ആണെന്നും ഞാൻ ടീമിന്റെ ക്യാപ്റ്റനാണെന്നും പറഞ്ഞ് പരിചയപ്പെടുത്തി. എന്നിട്ട് ഈ പയ്യനിൽ (യുവ്രാജ്) നിങ്ങളുടെ ഒരു കണ്ണ് വേണമെന്നും പറഞ്ഞു. എല്ലാവരിലും എന്റെ ഒരു കണ്ണ് എപ്പോഴും ഉണ്ടാകുമെന്നാണ് അദ്ദേഹം മറുപടി നൽകിയത്. ഞാൻ പറഞ്ഞു, അതെനിക്കറിയാം പക്ഷേ ഇയാളെ നിങ്ങൾ ഒന്ന് കാര്യമായി ശ്രദ്ധിക്കണം. അതെന്തിനാണെന്ന് ആ സുരക്ഷാ ഉദ്യോഗസ്ഥൻ ചോദിച്ചു. യുവ്രാജ് ചെറുപ്പമാണെന്നും ഹോട്ടലിൽ നിന്നും പുറത്തുപോയി പാർട്ടികളിലും ബാറുകളിലുമായി ജീവിതം അടിച്ചുപൊളിക്കാൻ ഇഷ്ടപ്പെടുന്ന പയ്യനാണെന്നും 9.30-ന് മുമ്പ് അദ്ദേഹം ഹോട്ടലിൽ തിരിച്ചെത്തുന്നുണ്ടോ എന്ന നോക്കണമെന്നും പറഞ്ഞു. നിങ്ങളും ഞാനും മാത്രമേ ഇക്കാര്യം അറിയാൻ പാടുള്ളൂ എന്നും ചട്ടംകെട്ടി. എന്നിട്ട് ഞാൻ യുവ്രാജിനെ വിളിച്ചു. നിന്റെ ആദ്യത്തെ പര്യടനമാണ് ഇതെന്നും നന്നായി കളിക്കണമെന്നും അച്ചടക്കം പാലിക്കണമെന്നും പറഞ്ഞു. അവൻ സമ്മതം മൂളുകളും ചെയ്തു.'' - ഗാംഗുലി പറഞ്ഞു.
''എന്നാൽ ടൂർണമെന്റിലെ ആദ്യ മത്സരത്തിന്റെ തലേ ദിവസം അവനെ മുറിയിൽ നിന്നും കാണാതായി. വൈകീട്ട് 7.30 - എട്ടുമണിയോടടുപ്പിച്ച് ടീം മീറ്റിങ്ങിനു ശേഷം യുവിയുടെ മുറിക്ക് സമീപത്തു കൂടെ പോയപ്പോൾ ഞാൻ അവന്റെ വാതിലിൽ മുട്ടി. അവിടെ ആരും ഉണ്ടായിരുന്നില്ല. ഫോൺ വിളിച്ചിട്ടും കിട്ടിയില്ല. ഉടനെ ഞാൻ നേരത്തെ പറഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥനടുത്തെത്തി എന്റെ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം മുറിയിലില്ലെന്നു പറഞ്ഞു. ഇവിടെ അടുത്തുള്ള പ്രധാന നൈറ്റ് ക്ലബ്ബുകൾ ഏതെന്ന് ചോദിക്കുകയും ചെയ്തു. അദ്ദേഹം ഒന്ന് രണ്ട് ഇടങ്ങളെ കുറിച്ച് പറഞ്ഞു. എന്റെ കൂടെ അവിടെ വരെ വരുമോ എന്ന് ഞാൻ ചോദിക്കുകയും ചെയ്തു. ഒടുവിൽ ഏകദേശം ഒമ്പത് മണിയോടെ ഒരു നൈറ്റ് ക്ലബ്ബിലിരുന്ന് ഭക്ഷണം കഴിക്കുന്ന യുവ്രാജിനെ ഞങ്ങൾ കണ്ടെത്തി. ഞാൻ അവനടുത്ത് ചെന്നിരുന്നു. ഭക്ഷണം മുഴുവൻ കഴിക്കൂ എന്നിട്ട് ഹോട്ടലിലേക്ക് തിരിച്ചുപോകാമെന്ന് പറഞ്ഞു. ഒമ്പതരയോടെ ഹോട്ടലിൽ തിരിച്ചെത്തിയ ഞാൻ യുവ്രാജിനെ അവന്റെ മുറിയിലാക്കി. അപ്പോഴും എന്റെ പേടി മാറിയിരുന്നില്ല. 10.30-ന് ഞാൻ വീണ്ടും അവന്റെ മുറിയിലേക്ക് വിളിച്ച് അവൻ മുറിയിൽ തന്നെയുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.''
''എന്തിനാണ് ഞാൻ ഇക്കാര്യം പറയുന്നതെന്നാൽ ഒരു ഭാഗത്ത് എനിക്ക് കൈകാര്യം ചെയ്യാനുണ്ടായിരുന്നത് ഈ യുവ്രാജ് സിങ്ങിനെ പോലെ ഒരാളെയാണെങ്കിൽ മറുഭാഗത്ത് ഉണ്ടായിരുന്നത് രാഹുൽ ദ്രാവിഡായിരുന്നു. ദ്രാവിഡിനെ പോലെ കാര്യങ്ങൾ അത്രയേറെ ശ്രദ്ധയോടെ ചെയ്യുന്ന മറ്റൊരു വ്യക്തിയെ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കില്ല. രാഹുൽ നാളെയാണ് ടെസ്റ്റ്, എപ്പോൾ നിങ്ങൾ ബ്രേക്ക്ഫാസ്റ്റ് ടേബിളിൽ ഉണ്ടാകുമെന്ന ചോദിച്ചാൽ അദ്ദേഹം പറയും 7.30-ന് ഞാൻ ബ്രേക്ക്ഫാസ്റ്റ് ടേബിളിൽ ഉണ്ടാകും. ജ്യൂസും ഏതാനും പഴങ്ങളും ഓംലറ്റും കഴിക്കും. പിന്നീട് ബസിൽ വെച്ച് ഒരു ആപ്പിൾ കൂടി കഴിക്കും. പിറ്റേ ദിവസം ഈ പറഞ്ഞതിൽ യാതൊരു മാറ്റവുമില്ലാതെ രാഹുൽ അത് ചെയ്യുകയും ചെയ്യും.'' - ദാദ കൂട്ടിച്ചേർത്തു.
Content Highlights: while Giving Golden Leadership Advice Sourav Ganguly Mentions Yuvraj Singh
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..