ന്യൂഡല്‍ഹി:  ദേഷ്യം വന്നാല്‍ ശ്രീജേഷ് പഞ്ചാബി ഭാഷയില്‍ വരെ വഴക്കു പറയുമെന്ന് ഹോക്കി ടീമിലെ സഹതാരം മന്‍പ്രീത് സിങ്ങ്. പഞ്ചാബി സംഗീതവും പാട്ടുകളും ശ്രീജേഷിന് ഇഷ്ടമല്ലെന്നും മന്‍പ്രീത് പറയുന്നു. 

ഗ്രൗണ്ടിലും പുറത്തും ശ്രീജേഷുമായി നല്ല സൗഹൃദമാണ്. ഗോള്‍ പോസ്റ്റിന് കീഴില്‍ ശ്രീജേഷിന്റെ സാന്നിധ്യം ഓരോ താരത്തിനും നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. ഇന്ത്യാ ടുഡേയുടെ കോണ്‍ക്ലേവില്‍ സംസാരിക്കുന്നതിനിടയില്‍ മലയാളി താരത്തെ കുറിച്ച് മന്‍പ്രീത് മനസ് തുറന്ന് സംസാരിച്ചു. 

'2012 ഒരു ദുഃസ്വപ്‌നമാണ്. നമ്മള്‍ എല്ലാ മത്സരങ്ങളിലും തോറ്റു. 2016-ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു. പക്ഷേ ഇത്തവണ നമ്മള്‍ മെഡല്‍ നേടി. ഓരോ ഇന്ത്യക്കാരനും സ്‌നേഹത്താല്‍ ഞങ്ങളെ മൂടി. ഇത്രയും സ്‌നേഹം ഇതിന് മുമ്പ് ഞാന്‍ അനുഭവിച്ചിട്ടില്ല.' മന്‍പ്രീത് കൂട്ടിച്ചേര്‍ത്തു.

ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയെ വെങ്കല മെഡലിലേക്ക് നയിച്ച ക്യാപ്റ്റനാണ് മന്‍പ്രീത്. ഗോള്‍പോസ്റ്റിന് കീഴില്‍ ശ്രീജേഷിന്റെ മികവ് കൂടി ആയതോടെ ഇന്ത്യ ചരിത്ര മെഡലിലെത്തുകയായിരുന്നു. 41 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കിയില്‍ മെഡല്‍ നേടുന്നത്. 1980 മോസ്‌കോ ഗെയിംസിലാണ് ഇന്ത്യ ഇതിന് മുമ്പ് മെഡല്‍ നേടിയത്. 

Content Highlights: When Sreejesh gets angry he abuses us in Punjabi says Manpreet Singh