
-
ഇസ്ലാമാബാദ്: ഇന്ത്യൻ താരം എം.എസ് ധോനിക്കെതിരേ മനഃപൂർവം ബീമർ എറിഞ്ഞിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ പാക് പേസർ ഷുഐബ് അക്തർ.
2006-ലെ ഫൈസലാബാദ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിനിടെയാണ് ധോനിക്കെതിരേ മനഃപൂർവം ബീമർ എറിഞ്ഞതെന്നാണ് അക്തറിന്റെ ഏറ്റുപറച്ചിൽ.
ധോനി തന്റെ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയത് ഈ ടെസ്റ്റിലായിരുന്നു. 19 ഫോറും നാലു സിക്സുമടക്കം ധോനി 148 റൺസെടുത്തിരുന്നു.
അന്ന് ഒരു ഓവറിൽ ധോനി അക്തറിനെ മൂന്നു തവണ ബൗണ്ടറി കടത്തി. ഇതിനു ശേഷമാണ് അക്തർ ധോനിക്കു നേരെ ബീമർ എറിഞ്ഞത്. അത് മനഃപൂർവമായിരുന്നുവെന്ന് 14 വർഷത്തിനു ശേഷമാണ് അക്തർ ഏറ്റുപറഞ്ഞിരിക്കുന്നത്. ആകാശ് ചോപ്രയുമായുള്ള യൂട്യൂബ് ഷോയിലാണ് അക്തറിന്റെ വെളിപ്പെടുത്തൽ.
''അന്ന് ഫൈസലാബാദിൽ എട്ടോ ഒമ്പതോ ഓവറുകളുള്ള സ്പെല്ലാണ് ഞാൻ എറിഞ്ഞത്. വളരെ വേഗത്തിലുള്ള സ്പെല്ലായിരുന്നു അത്. ധോനി സെഞ്ചുറി നേടുകയും ചെയ്തു. ഇതിനു പിന്നാലെ ധോണിക്കെതിരേ മനഃപൂർവം ഞാൻ ഒരു ബീമർ എറിഞ്ഞു. എന്നിട്ട് ക്ഷമ ചോദിക്കുകയും ചെയ്തു.'' - അക്തർ പറഞ്ഞു.
''ജീവിതത്തിൽ ആദ്യമായി അന്നാണ് ഞാൻ മനഃപൂർവം ബീമർ എറിയുന്നത്. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അത് ഓർത്ത് ഒട്ടേറെ തവണ പശ്ചാത്താപിച്ചിട്ടുണ്ട്. അദ്ദേഹം (ധോനി) നന്നായി കളിക്കുകയായിരുന്നു. വിക്കറ്റാണെങ്കിൽ വേഗം കുറഞ്ഞതും. എത്ര വേഗത്തിൽ ഞാൻ പന്തെറിഞ്ഞാലും ധോനി അടിച്ചുതകർക്കുകയായിരുന്നു. അതോടെ ദേഷ്യം വന്നാണ് ഞാൻ ബീമർ എറിഞ്ഞത്.'' - അക്തർ പറഞ്ഞു.
Content Highlights: When Shoaib Akhtar apologised to MS Dhoni for purposely bowling a beamer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..