
Photo: PTI
ചെന്നൈ:ഐ.പി.എല്ലിനായി യു.എ.ഇയിലേക്ക് പുറപ്പെടുംമുമ്പ് ചെന്നൈയിൽ സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽവച്ചാണ് എം.എസ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഈ പ്രഖ്യാപനം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തശേഷം ധോനി നേരെ പോയത് ചെന്നൈയുടെ ബൗളിങ് പരിശീലകനായ ലക്ഷ്മിപതി ബാലാജിയുടെ അടുത്തേക്കാണ്. പരിശീലനശേഷമുള്ള പതിവുചർച്ചകൾക്കായാണ് ധോനി ബാലാജിയുടെ അടുത്തെത്തിയത്. മിനിറ്റുകൾക്ക് മുമ്പ് വിരമിക്കൽ പ്രഖ്യാപിച്ചശേഷം ധോനി തന്റെ അടുത്തേക്ക് വന്ന സംഭവം ബാലാജി തന്നെയാണ് വെളിപ്പെടുത്തിയത്. ആ സമയത്ത് ധോനി വിരമിച്ചത് ബാലാജിക്ക് അറിയില്ലായിരുന്നു.
'എല്ലാ ദിവസവും പരിശീലനത്തിനുശേഷം ധോനിയുമായി പിച്ചിനെ കുറിച്ചും പരിശീലനത്തെ കുറിച്ചുമെല്ലാം സംസാരിക്കും. അന്നും പരിശീലനം കഴിഞ്ഞ് ഗ്രൗണ്ടിൽ നിന്ന് കയറി അകത്തെത്തി. ധോനിയുടെ വിരമിക്കൽ പ്രഖ്യാപനം ഞാൻ അറിഞ്ഞിരുന്നില്ല. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തശേഷം ധോനി എന്റെ അടുത്തേക്കാണ് വന്നത്. പിച്ചിൽ കൂടുതൽ വെള്ളമൊഴിച്ച് നനയ്ക്കാൻ ഗ്രൗണ്ട്സ്മാനോട് പറഞ്ഞിട്ടുണ്ടെന്ന് പതിവുപോലെ അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ ശരിയെന്നും മറുപടി നൽകി.' സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റഡ് ഷോയിൽ സംസാരിക്കുകയായിരുന്നു ബാലാജി.
'അതാണ് ധോനിയുടെ രീതി. എത്ര പ്രധാനപ്പെട്ട സംഭവമാണെങ്കിലും സ്വാഭാവികമായി ചെയ്യും. പിന്നീടാണ് ധോനി വിരമിച്ച കാര്യം ഞാൻ അറിഞ്ഞത്. എല്ലാത്തിനോടും ഒരു അകലം ധോനി സൂക്ഷിക്കാറുണ്ട്. എന്തൊക്കെ സംഭവിച്ചാലും അദ്ദേഹം നിശ്ചലമാകില്ല. അദ്ദേഹം പതിവുപോലെ മുന്നോട്ടുപോകും.' ബാലാജി കൂട്ടിച്ചേർത്തു.
രണ്ടായിരത്തിനുശേഷം ധോനിയോളം സ്വാധീനം ചെലുത്തിയ ക്രിക്കറ്റ് താരങ്ങൾ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ ബാലാജി, വലിയ ഷോട്ടുകൾ കളിക്കുന്ന ബാറ്റ്സ്മാനെകുറിച്ച് അദ്ദേഹത്തെ പരിചയപ്പെടുന്നതിന് മുമ്പ് തന്നെ കേട്ടിരുന്നുവെന്നും പറയുന്നു. അവസാന ആറു പന്തിൽ ജയിക്കാൻ 20 റൺസ് വേണമെങ്കിൽ ഇപ്പോഴും താൻ തിരഞ്ഞെടുക്കുന്ന താരം ധോനിയായിരിക്കുമെന്നും ബാലാജി കൂട്ടിച്ചേർത്തു.
content highlights: What MS Dhoni Told Lakshmipathy Balaji In The Moments After Retirement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..