ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ സസ്‌പെന്റ് ചെയ്ത് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ). ഈ സസ്‌പെന്‍ഷനോടുള്ള വിനേഷിന്റെ പ്രതികരണത്തിന് ശേഷമാകും അന്തിമ നടപടി തീരുമാനിക്കുകയെന്നും ഡബ്ല്യുഎഫ്‌ഐ വ്യക്തമാക്കി.

ഹംഗറിയില്‍ വോളെര്‍ അകോസിന് കീഴില്‍ പരിശീലനത്തിലായിരുന്ന വിനേഷ് അവിടെ നിന്നാണ് ടോക്യോയിലെത്തിയത്. തുടര്‍ന്ന് മറ്റു ഇന്ത്യന്‍ ഗുസ്തി താരങ്ങളോടൊപ്പം പരിശീലനം നടത്താനും ഗെയിംസ് വില്ലേജില്‍ താമസിക്കാനും വിനേഷ് വിസമ്മതിച്ചു. ഒഫീഷ്യല്‍ സ്‌പോണ്‍സര്‍മാരുടെ പേര് പതിപ്പിച്ച ജഴ്‌സിക്ക് പകരം നൈക്കിയുടെ ജഴ്‌സി അണിഞ്ഞ് മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. ഇതെല്ലാമാണ് വിനേഷിനെതിരേ നടപടി സ്വീകരിക്കാന്‍ കാരണം. 

ഇന്ത്യയുടെ മറ്റു ഗുസ്തി താരങ്ങളായ സോനം മാലിക്, അന്‍ഷു മാലിക്, സീമ ബിസ്ല എന്നിവര്‍ക്കൊപ്പമാണ് ഗെയിംസ് വില്ലേജില്‍ വിനേഷിന് റൂം നല്‍കിയിരുന്നത്. എന്നാല്‍ ഇവരെല്ലാം ഇന്ത്യയില്‍ നിന്ന് വരുന്നവരാണെന്നും അതിനാല്‍ തനിക്ക് കോവിഡ് വരാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കി വിനേഷ് റൂം നിരസിക്കുകയായിരുന്നു. 

വിനേഷിനെ സസ്‌പെന്റ് ചെയ്തതിനൊപ്പം യുവ ഗുസ്തി താരം സോനം മാലിക്കിന് ഫെഡറേഷന്‍ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് ഇത്. ടോക്യോയിലേക്ക് പോകും മുമ്പ് റെസ്ലിങ് ഫെഡറേഷന്‍ ഓഫീസിലെത്തി തന്റെ പാസ്‌പോര്‍ട്ട് വാങ്ങാന്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ സ്റ്റാഫുകളോട് സോനം ആവശ്യപ്പെടുകയായിരുന്നു. സോനമോ അല്ലെങ്കില്‍ കുടുംബാംഗങ്ങളോ ചെയ്യേണ്ട കാര്യമാണ് സായ് ഒഫീഷ്യലുകളെകൊണ്ട് ചെയ്യിപ്പിച്ചതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. 

സോനത്തിനും വിനേഷിനും ടോക്യോ ഒളിമ്പിക്‌സില്‍ മെഡലൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. വിനേഷ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെലാറസിന്റെ വനേസ കലദിന്‍സ്‌കായയോട് തോറ്റു. ആദ്യ റൗണ്ടില്‍ മംഗോളിയന്‍ താരം ഖുറേല്‍ഖുവിനോട് ആയിരുന്നു സോനത്തിന്റെ തോല്‍വി.

Content Highlights: WFI temporarily suspends Vinesh Phogat, further course of action to be decided after her response