കിങ്സ്റ്റണ്‍: യു.എസില്‍ പോലീസ് ഓഫീസറുടെ ക്രൂരതയെ തുടര്‍ന്നുള്ള ജോര്‍ജ് ഫ്ളോയിഡിന്റെ മരണം ലോകമെമ്പാടും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. കായിക ലോകത്തു നിന്നും ഇതിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാണ്. ബുണ്ടസ്ലിഗ മത്സരത്തിനിടെ ഹാട്രിക്ക് നേടിയ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡ് താരം ജോര്‍ഡന്‍ സാഞ്ചോ ഫ്ളോയിഡിന് നീതി ലഭിക്കണമെന്ന് എഴുതിയ ജേഴ്‌സി കാണിച്ചത് ഏറെ ശ്രദ്ധേയമായ സംഭവമായിരുന്നു. 

ഇപ്പോഴിതാ ഫുട്‌ബോളില്‍ മാത്രമല്ല ക്രിക്കറ്റിലും വര്‍ണവെറിയുടെ വിഷമുണ്ടെന്ന് തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് ഗെയ്ല്‍ കറുത്തവനായതിന്റെ പേരില്‍ നേരിട്ട അവഗണനകളെ കുറിച്ചും പറഞ്ഞത്. കറുത്തവനായതിന്റെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് അപമാനിതനായിട്ടുണ്ടെന്നും ഗെയില്‍ കുറിച്ചു.

West Indies star Chris Gayle say racism exists in cricket too

'മറ്റേത് ജീവനെ പോലെ തന്നെ കറുത്തവന്റെ ജീവനും പ്രധാനപ്പെട്ടതാണ്. എല്ലാ വര്‍ണവവെറിയന്‍മാരും തുലയട്ടെ. കറുത്ത വര്‍ഗക്കാരെ മണ്ടന്‍മാരായി കണക്കാക്കുന്നത് നിര്‍ത്തൂ. ഞാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. കറുത്തവനായതിന്റെ പേരില്‍ പലപ്പോഴും വംശീയാധിക്ഷേപത്തിന് ഇരയാകുകയും ചെയ്തിട്ടുണ്ട്. വിശ്വസിക്കൂ, ആ പട്ടിക നീളും. വര്‍ണവെറി ഫുട്‌ബോളില്‍ മാത്രമല്ല ക്രിക്കറ്റിലുമുണ്ട്. ടീമിനുള്ളില്‍ പോലും കറുത്തവനായതിന്റെ പേരില്‍ ഞാന്‍ പുറകിലായിട്ടുണ്ട്. കറുപ്പ് ശക്തമാണ്, കറുപ്പില്‍ അഭിമാനിക്കുന്നു', ഗെയില്‍ കുറിച്ചു.

Content Highlights: West Indies star Chris Gayle say racism exists in cricket too