ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലന്‍ഡ് പര്യടനത്തിനെത്തിയ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തല്‍.

സമ്പര്‍ക്ക വിലക്ക് അടക്കമുള്ള കോവിഡ്  നിര്‍ദേശങ്ങള്‍ ലംഘിച്ച താരങ്ങള്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ ഹോട്ടലില്‍ വെച്ച് പരസ്പരം ഇടപഴകുകയും ഭക്ഷണം പങ്കുവെയ്ക്കുകയും ചെയ്തതായാണ് ന്യൂസീലന്‍ഡ് ആരോഗ്യ മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ താരങ്ങളുടെ പ്രോട്ടോകോള്‍ ലംഘനം പതിഞ്ഞിട്ടുണ്ട്. 

ന്യൂസീലന്‍ഡിലെത്തിയ ടീമിന് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ നിര്‍ദേശിച്ചതാണ്. ഇതാണ് ഏതാനും ടീം അംഗങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇതോടെ താരങ്ങളുടെ ക്വാറന്റൈന്‍ കാലാവധി നീട്ടിയേക്കുമെന്നും ന്യൂസീലന്‍ഡ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

താരങ്ങളുടെ നടപടിയെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഒ ജോണി ഗ്രേവ് അപലപിച്ചു.

14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ കാലാവധിയുടെ 12-ാം ദിവസമാണ് താരങ്ങളുടെ ഈ നടപടി. ഇതോടെ ടീമിന് വീണ്ടും 14 ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയേക്കും. ഇതിനു ശേഷം മാത്രമേ ഇനി ടീമിന് പരിശീലനത്തിന് ഇറങ്ങാനാകൂ.

Content Highlights: West Indies players breached quarantine rules in New Zealand