പട്യാല: ടോക്യോ ഒളിമ്പിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യയുടെ അഭിമാനതാരം മീരാബായ് ചാനു വീണ്ടും പരിശീലനത്തിനിറങ്ങി. 2024 പാരീസ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ചാനു പരിശീലനം ആരംഭിച്ചത്. 

പരിശീലനം നടത്തുന്നതിന്റെ ചിത്രം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. കഷ്ടതകള്‍ നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ചാണ് ചാനു ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയത്.

'14 വയസ്സുള്ളപ്പോഴാണ് ഭാരോദ്വഹന മേഖലയിലേക്ക് ഞാനെത്തുന്നത്. നിരവധി പ്രശ്‌നങ്ങള്‍ എനിക്ക് അഭിമുഖീകരിക്കേണ്ടിവന്നു. പരിശീലനത്തിനായി ഒരുപാട് കഷ്ടപ്പെട്ടെങ്കിലും എന്റെ കുടുംബം എന്നോടൊപ്പം നിന്നു. അവരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. സര്‍ക്കാരില്‍ നിന്നും എനിക്ക് വലിയ സഹായങ്ങള്‍ ലഭിച്ചു. കായികരംഗത്തേക്ക് കടക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നമ്മള്‍ കഴിയാവുന്നത്ര സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാകണം. പുതിയ തലമുറയ്ക്ക് അത് ആവശ്യമാണ്. അവര്‍ ഇന്ത്യയ്ക്ക് വേണ്ടി ഉയരങ്ങള്‍ കീഴടക്കും'-മീരാബായ് ചാനു പറഞ്ഞു.

ഒളിമ്പിക്‌സില്‍ വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് ചാനും വെള്ളി നേടിയത്. ടോക്യോയിലെ ഇന്ത്യയുടെ ആദ്യ മെഡലായിരുന്നു ഇത്. ഭാരോദ്വഹനത്തില്‍ ഇന്ത്യ ആദ്യമായാണ് വെള്ളിമെഡല്‍ സ്വന്തമാക്കുന്നത്. ഈ നേട്ടവും ചാനു സ്വന്തമാക്കി. 

Content Highlights: Weightlifter Mirabai Chanu resumes training with eye on Paris 2024