ബര്‍ലിന്‍: ലോകകപ്പ് വിജയം സമ്മാനിച്ച അനുഭവം വിവരിക്കാന്‍ വാക്കുകളില്ലെന്നും സ്‌പോര്‍ട്‌സിന്റെ യഥാര്‍ഥ ശക്തി അനുഭവിച്ചവരാണ് തങ്ങളെന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറസ് പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

2011-ല്‍ ഇന്ത്യയില്‍ വച്ചു നടന്ന ഐ.സി.സി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കിരീടത്തിലെത്തിയപ്പോള്‍ സഹതാരങ്ങള്‍ സച്ചിനെ ചുമലിലേറ്റി മുംബൈ വാംഖഡെ സ്റ്റേഡിയം വലംവെച്ച നിമിഷമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ മികച്ച കായിക നിമിഷമായി തിരഞ്ഞെടുക്കപ്പെട്ടത്. കായികരംഗത്തെ ഓസ്‌കര്‍ എന്നാണ് ഈ പുരസ്‌കാരം അറിയപ്പെടുന്നത്.

ഞങ്ങള്‍ സ്‌പോര്‍ട്‌സിന്റെ ശക്തി അനുഭവിച്ചവര്‍

ലോകകപ്പ് വിജയം അവിശ്വസനീയമായിരുന്നുവെന്ന് പറഞ്ഞ സച്ചിന്‍ അത് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ മതിയാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ത അഭിപ്രായങ്ങളില്ലാതെ ഒരു രാജ്യം മുഴുവന്‍ ഒന്നിച്ചിരുന്ന് ആഘോഷിച്ച നിമിഷം അധികം ഉണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു. ''സ്‌പോര്‍ട്‌സിന്റെ ശക്തി എന്താണെന്നും അത് നമ്മുടെയെല്ലാം ജീവിതത്തില്‍ വരുത്തുന്ന മാജിക്ക് എന്താണെന്നതിന്റെയും ഓര്‍മപ്പെടുത്തലാണ് അത്. സ്‌പോര്‍ട്‌സിന്റെ ശക്തി എന്താണെന്ന അനുഭവിച്ചറിഞ്ഞവരാണ് ഞങ്ങള്‍, ഇന്നും ആ നിമിഷം കാണുമ്പോള്‍ (ലോകകപ്പ് വിജയം) ഞാന്‍ ആശ്ചര്യപ്പെടാറുണ്ട്''.

We experienced the power of sport: Sachin Tendulkar
Image Courtesy: Getty Images

എന്റെ യാത്ര ആരംഭിക്കുന്നത് 1983-ല്‍

''1983-ലാണ് എന്റെ യാത്ര ആരംഭിക്കുന്നത്, എനിക്ക് വെറും 10 വയസുള്ളപ്പോള്‍. 1983-നെ കുറിച്ച് പറയുന്നതെന്തിനെന്നാല്‍, ക്രിക്കറ്റ് ഫോളോ ചെയ്യാത്തവര്‍ക്കു പോലും 1983-ല്‍ ഇന്ത്യ ലോകകപ്പ് ജയിച്ചവരാണ്. 10 വയസുള്ളപ്പോള്‍ ലോകകപ്പ് ജയത്തിന്റെ പ്രാധാന്യമെന്തെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എല്ലാവരും ആഘോഷിക്കുന്നത് കണ്ട് ഞാനും ഒപ്പംകൂടി. എന്നാലും രാജ്യത്ത് എന്തോ പ്രത്യേക കാര്യം സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. ഒരു ദിവസം എനിക്കും അത് അനുഭവിക്കണമെന്ന് തോന്നിയിരുന്നു. അവിടെനിന്നാണ് എന്റെ യാത്ര തുടങ്ങുന്നത്''.

ഒരിക്കലും ഞാന്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല

''ആ ട്രോഫി (ലോകകപ്പ്) ഞാന്‍ കൈയില്‍ പിടിച്ചപ്പോള്‍ ചിത്രത്തില്‍ (സ്‌റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍) എന്റെ കൈയില്‍ ത്രിവര്‍ണം ഉള്ളതായി കണ്ടു. അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം. ഒപ്പം 22 വര്‍ഷം പിന്തുടര്‍ന്ന് ആ സുന്ദരമായ ട്രോഫി കൈയില്‍ പിടിച്ച നിമിഷവും. ഞാന്‍ പിന്മാറിയില്ല, പ്രതീക്ഷ കൈവിട്ടുമില്ല. എന്റെ രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി ആ ട്രോഫി ഉയര്‍ത്താന്‍ സാധിച്ചത് എനിക്ക് ഏറെ സംതൃപ്തി നല്‍കിയ കാര്യമാണ്. ഇന്ത്യയ്ക്കായി 24 വര്‍ഷം ക്രിക്കറ്റ് കളിക്കാന്‍ സാധിച്ചത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ഇതില്‍കൂടുതല്‍ എനിക്ക് എന്താണ് വേണ്ടത്''.

മണ്ടേലയുടെ വാക്കുകള്‍

19-ാം വയസില്‍ നെല്‍സണ്‍ മണ്ടേലയെ കണ്ടതും അദ്ദേഹം പറഞ്ഞ വാക്കുകളും ഓര്‍മിച്ചാണ് സച്ചിന്‍ ലോറസ് വേദിയില്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ''വെറും 19 വയസുള്ളപ്പോഴാണ് എനിക്ക് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയെ കാണാനുള്ള ഭാഗ്യം സിദ്ധിക്കുന്നത്. അദ്ദേഹത്തിന് നേരിടേണ്ടിവന്ന പ്രതിസന്ധികളൊന്നും തന്നെ അദ്ദേഹത്തിന്റെ നായകത്വത്തെ ബാധിച്ചിരുന്നില്ല. മണ്ടേല നല്‍കിയ നിരവധി വലിയ സന്ദേശങ്ങളില്‍ എനിക്ക് ഏറ്റവും പ്രധാനപ്പെട്ടതായി തോന്നിയത് ഇതാണ്, സ്‌പോര്‍ട്‌സിന് എല്ലാവരെയും ഒരുമിപ്പിക്കാനുള്ള കരുത്തുണ്ട്''.

ലോറസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സച്ചിന്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ബെര്‍ലിനില്‍ നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം.

Content Highlights: We experienced the power of sport: Sachin Tendulkar