കായികരംഗത്തുനിന്ന് റഷ്യയെ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) നാലു വര്‍ഷത്തേക്ക് വിലക്കിയ വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. സമ്പന്നമായ കായിക പാരമ്പര്യമുള്ള ഒരു രാജ്യം ഉത്തജകത്തിന്റെ പേരില്‍ ലോകത്തിന് മുന്നില്‍ തലകുനിക്കുന്നു. ഉത്തേജകമരുന്നിനെ ഏതെങ്കിലും തരത്തില്‍ പ്രോത്സാഹിപ്പിക്കുന്ന കായികസംഘടനകള്‍ക്കും രാജ്യങ്ങള്‍ക്കും ഇതില്‍പരമൊരു മുന്നറിയിപ്പില്ല. റഷ്യ എങ്ങനെയാവും ഈ ആഘാതത്തെ ഉള്‍ക്കൊള്ളുക...

WADA bans Russia from international sports for 4 years

റഷ്യക്ക് നഷ്ടമാവുന്ന മേളകള്‍

2020 ടോക്യോ ഒളിമ്പിക്‌സ്

2022 ബെയ്ജിങ് ശൈത്യകാല ഒളിമ്പിക്‌സ്

2022 ഫുട്ബോള്‍ ലോകകപ്പ്

2022 യൂത്ത് ഒളിമ്പിക്‌സ്

2021, 2023 അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്

പാരലിമ്പിക്‌സ്

ആതിഥേയത്വം നഷ്ടമാകുന്നവ

2022 വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്

2023 യൂണിവേഴ്സിറ്റി ഗെയിംസ്

2022 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്

WADA bans Russia from international sports for 4 years

ഫുട്ബോളും റഷ്യയും

കഴിഞ്ഞ വര്‍ഷം ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ച രാജ്യമാണ് റഷ്യ. എന്നാല്‍, വാഡയുടെ വിലക്കോടെ അടുത്ത ഫുട്ബോള്‍ ലോകകപ്പിന് റഷ്യയ്ക്ക് പങ്കെടുക്കാനാവില്ല.

എന്നാല്‍, അടുത്തവര്‍ഷം നടക്കുന്ന യൂറോ കപ്പില്‍ റഷ്യ കളിക്കുകയും ആതിഥേയത്വം വഹിക്കുകയും ചെയ്യും. യൂറോ കപ്പിനെ ലോകതലത്തിലെ പ്രധാനപ്പെട്ട മേളയായി വാഡ പരിഗണിച്ചിട്ടില്ല എന്നതുകൊണ്ടാണ് കളിക്കാന്‍ അനുമതി.

ഇനി എപ്പോള്‍

2023 വരെയാണ് റഷ്യയുടെ സസ്‌പെന്‍ഷന്‍ കാലാവധി. 2024-ല്‍ ഫ്രാന്‍സിലെ പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സിലൂടെ റഷ്യയ്ക്ക് തിരിച്ചുവരാനാകും.

ജര്‍മന്‍ ടെലിവിഷന്‍

2014-ലാണ് ലോക കായികരംഗത്തെ കുലുക്കിയ വാര്‍ത്ത ജര്‍മന്‍ ടെലിവിഷന്‍ ചാനല്‍ എ.ആര്‍.ഡി. പുറത്തുവിട്ടത്. 'ടോപ് സീക്രട്ട് ഡോപ്പിങ്, ഹൗ റഷ്യ മെയ്ക്ക്സ് ഇറ്റ്‌സ് വിന്നേഴ്‌സ്' എന്ന 60 മിനിറ്റ് ഡോക്യുമെന്ററിയിലൂടെ റഷ്യന്‍ കായികമേഖലയിലെ സംഭവങ്ങള്‍ ചാനല്‍ ലോകത്തെ അറിയിച്ചു. റഷ്യന്‍ ഉത്തേജകവിരുദ്ധ ഏജന്‍സിയിലെ (റുസാഡ) ഉദ്യോഗസ്ഥന്‍ വിറ്റാലി സ്റ്റെപനോവിന്റെയും ഭാര്യ യുലിയ സ്റ്റെപനോവിന്റെയും വീഡിയോ ഫൂട്ടേജുകളും ഇതില്‍ ഉള്‍പ്പെട്ടു. റഷ്യന്‍ കായികമന്ത്രി വിടാലി മുട്‌കോയയുടെ അറിവോടെയാണ് താരങ്ങള്‍ ഉത്തേജകം ഉപയോഗിക്കുന്നതെന്നും ജര്‍മന്‍ ടി.വി. വെളിപ്പെടുത്തി.

മക്ലാരന്‍ റിപ്പോര്‍ട്ട്

2016-ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് മക്ലാരന്‍ റിപ്പോര്‍ട്ടാണ് റഷ്യന്‍ കായികമേഖലയിലെ കൂടുതല്‍ കളികള്‍ പുറത്തു കൊണ്ടുവന്നത്. 2011 മുതല്‍ 2015 വരെ ഭരണകൂടത്തിന്റെ പിന്തുണയോടെ റഷ്യ ഉത്തേജക പരിശോധനയില്‍ കൃത്രിമം കാണിച്ചിരുന്നെന്ന് മക്ലാരന്റെ സ്വതന്ത്രാന്വേഷണത്തില്‍ കണ്ടെത്തി. പിന്നാലെ റുസാഡയെ മൂന്നുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. 2018 സെപ്റ്റംബറില്‍ വാഡ റുസാഡയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.

രക്ഷയില്ലെന്ന് റഷ്യ

''വിലക്കിനെതിരേ കേസിനുപോയാല്‍ വിജയിക്കാന്‍ സാധ്യതയില്ല. അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ ഡിസംബര്‍ 19-ന് നടക്കുന്ന സൂപ്പര്‍വൈസറി ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുക്കും. കുറ്റമൊന്നും ചെയ്യാത്ത കായികതാരങ്ങളുടെ കാര്യത്തില്‍ വിലക്ക് വലിയ ദുരന്തമാണ്. അവരുടെ അവകാശങ്ങള്‍ പരിമിതപ്പെടുന്നു'' - യുറി ഗനുസ്, ഡയറക്ടര്‍ ജനറല്‍, റഷ്യന്‍ ആന്റി ഡോപ്പിങ് ഏജന്‍സി.

യൂറോയില്‍ വിലക്കില്ല

സെന്റ്പീറ്റേഴ്സ്ബര്‍ഗ് ആതിഥേയത്വം വഹിക്കുന്ന യൂറോ 2020 ഫുട്ബോളില്‍ റഷ്യയ്ക്ക് മത്സരിക്കുന്നതിന് വിലക്ക് ബാധകമല്ല. യൂറോ കപ്പ് ഫുട്‌ബോളിന്റെ 12 വേദികളിലൊന്നു റഷ്യയാണ്. യൂറോ കപ്പ് സംഘാടകരായ യുവേഫ വാഡയുടെ പരിധിയിലല്ലാത്തതാണു കാരണം.

Content Highlights: WADA bans Russia from international sports for 4 years