വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ പരാജയമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ഉപദേശിച്ച് മുന്‍താരം വി.വി.എസ് ലക്ഷ്മണ്‍. കോലി കൂടതല്‍ അച്ചടക്കവും ക്ഷമയും കാണിക്കണമെന്ന് വി.വി.എസ് ലക്ഷ്മണ്‍ പറയുന്നു. ആദ്യ ഇന്നിങ്‌സില്‍ രണ്ട് റണ്‍സിന് പുറത്തായ കോലി രണ്ടാം ഇന്നിങ്‌സില്‍ 43 പന്തില്‍ നിന്ന് 19 റണ്‍സ് മാത്രമാണ് നേടിയത്. റണ്‍മെഷീന്‍ എന്ന് വിശേഷിക്കപ്പെടുന്ന കോലിക്ക് കഴിഞ്ഞ 20 ഇന്നിങ്‌സിലും സെഞ്ചുറി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇതിന് പിന്നാലെയാണ് ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായ ലക്ഷ്മണ്‍ പ്രതികരണവുമായെത്തിയത്. 'കോലി കൂടുതല്‍ ക്ഷമയും അച്ചടക്കവും കാണിക്കണം. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ മികച്ച പന്തുകളെ ബഹുമാനിക്കണം.  ഇന്നിങ്‌സിന്റെ തുടകത്തില്‍ കാണിക്കുന്ന ക്ഷമ പിന്നീട് കോലിക്ക് നഷ്ടപ്പെടുന്നു. സ്റ്റമ്പിന് നേര്‍ക്ക് പന്തെറിയുമ്പോള്‍ റണ്‍സ് കണ്ടെത്തുന്നു. എന്നാല്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കോലിയുടെ ക്ഷമ പരീക്ഷിക്കുന്നു. കിവീസ് ബൗളര്‍മാര്‍ കോലിക്ക് സ്‌കോര്‍ കണ്ടെത്താനുള്ള ഒരവസരവും നല്‍കിയില്ല.' ടെസ്റ്റില്‍ മൂന്നാം ദിവസത്തെ മത്സരം അവസാനിച്ചശേഷം ലക്ഷ്മണ്‍ വ്യക്തമാക്കി. 

Read More: പൂജാരയുടെ കണക്കുകൂട്ടല്‍ തെറ്റി; ബെയ്ല്‍സ് ഇളക്കി ബൗള്‍ട്ടിന്റെ ഇന്‍ സ്വിങ്ങര്‍

രണ്ടാം ഇന്നിങ്‌സില്‍ പൂജാര പുറതത്തായശേഷം ക്രീസിലെത്തിയ കോലി കിവീസ് ബൗളര്‍മാരുടെ ഫുള്‍ ലെങ്ത് പന്തുകള്‍ നേരിട്ടപ്പോള്‍തന്നെ സമ്മര്‍ദ്ദത്തിലായിരുന്നു. പിന്നാലെ ട്രെന്റ് ബൗള്‍ട്ടിന്റെ ഷോര്‍ട്ട് പിച്ച് പന്തില്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ ബി.ജെ വാട്‌ലിങ്ങ് ക്യാച്ചെടുത്തു. ആദ്യ ഇന്നിങ്‌സില്‍ കെയ്ല്‍ ജാമിസണാണ് കോലിയുടെ വിക്കറ്റെടുത്തത്.

Content Highlights:  VVS Laxman reacts on Virat Kohli Batting India vs New Zealand