കോഴിക്കോട്: രാജ്യത്ത് കോവിഡിനെത്തുടര്‍ന്ന് നിലച്ച വോളിബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനം. ഈ സീസണില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകളും പ്രൊഫഷണല്‍ വോളിലീഗും നടത്താന്‍ വോളിബോള്‍ ഫെഡറേഷന്‍(വി.എഫ്.ഐ.) എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു. കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാവും മത്സരങ്ങള്‍ നടക്കുക.

കോവിഡ് ആയതിനാല്‍ കഴിഞ്ഞ സീസണില്‍ ദേശീയ സബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത് ചാമ്പ്യന്‍ഷിപ്പുകള്‍ നടന്നിരുന്നില്ല. വോളി ഫെഡറേഷനും ബേസ്‌ലൈന്‍ വെന്‍ച്വേഴ്‌സും തമ്മിലുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് പ്രോ വോളി ലീഗ് മുടങ്ങി.

ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് കോടതികയറിയതും തിരിച്ചടിയായി. കോടതി വിധിയെത്തുടര്‍ന്ന് പുതിയ ഭാരവാഹികള്‍ അധികാരമേറ്റതോടെയാണ് പ്രൊഫഷണല്‍ ലീഗ് തുടങ്ങുന്ന കാര്യം ആലോചിക്കുന്നത്.

മുന്‍ സെക്രട്ടറി ജനറല്‍ രാംവതാര്‍സിങ് ജാക്കറിനെ വോളിബോള്‍ ഫെഡറേഷന്‍ സി.ഇ.ഒ.ആയും എസ്. വാസുദേവനെ ചെയര്‍മാനായും നിയമിച്ചു. പ്രൊഫഷണല്‍ ലീഗ് നടത്തിപ്പിനുള്ള 14 അംഗ സമിതിയുടെ ചെയര്‍മാനും ജാക്കറാണ്. കേരളത്തില്‍ നിന്നുള്ള അസോസിയേറ്റ് സെക്രട്ടറി നാലകത്ത് ബഷീറും സമിതിയില്‍ അംഗമാണ്. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് കേരളത്തില്‍നിന്നുള്ള മുന്‍ ദേശീയതാരം ജയ്‌സമ്മ മൂത്തേടത്തിനെ നാമനിര്‍ദേശം ചെയ്തു. സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളുടെ തീയതികള്‍ താമസിയാതെ പ്രഖ്യാപിക്കുമെന്നും നാലകത്ത് ബഷീര്‍ വ്യക്തമാക്കി.

Content Highlights: Volleyball matches will start soon in the country