ന്യൂഡൽഹി: അഞ്ചു തവണ ലോകചാമ്പ്യനായ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണയറായ നിഖിൽ കാമത്തും തമ്മിലുള്ള ചെസ് മത്സരം ചർച്ചയാകുന്നു. ഓൺലൈൻ ചാരിറ്റി ചെസ് മത്സരത്തിൽ ആനന്ദിനെ നിഖിൽ തോൽപ്പിച്ചതോടെയാണ് ഇത് ചർച്ചാവിഷയമായത്. എന്നാൽ, കമ്പ്യൂട്ടറെ ആശ്രയിച്ചാണ് താൻ വിജയം നേടിയതെന്നും അതിന് ക്ഷമ ചോദിക്കുന്നുവെന്നും വ്യക്തമാക്കി നിഖിൽ പിന്നീട് രംഗത്തെത്തി.

ചില ആളുകളിൽനിന്നും കമ്പ്യൂട്ടറിൽനിന്നും ആനന്ദിന്റെ ഗെയിം വിശകലനം ചെയ്യാൻ സഹായം തേടിയതായും ബാലിശമായ തന്റെ പെരുമാറ്റത്തിന്‌ മാപ്പ് തരണമെന്നും നിഖിൽ പറയുന്നു. 'ബാല്യകാലത്ത് ചെസ്സിന്റെ ബാലപാഠങ്ങൾ പഠിച്ചുവരുന്ന സമയത്ത് ആനന്ദുമായി സംവദിക്കാൻ എന്നെങ്കിലും അവസരം ലഭിക്കുമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു. കഴിഞ്ഞ ദിവസം ആ സ്വപ്നത്തിന്റെ സാക്ഷാത്‌കാരമാണ് നടന്നത്. ആ മത്സരത്തിൽ ഞാൻ ആനന്ദിനെ തോൽപ്പിച്ചെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അത് 100 മീറ്റർ ഓട്ടത്തിൽ ഉസൈൻ ബോൾട്ടിനെ ഞാൻ തോൽപ്പിച്ചു എന്നു പറയുന്നതുപോലെ പരിഹാസ്യമാണ്.' നിഖിൽ വ്യക്തമാക്കുന്നു.

ഇതിന് പിന്നാലെ നിഖിലിന് മറുപടിയുമായി ആനന്ദും രംഗത്തെത്തി. 'കഴിഞ്ഞ ദിവസം നടന്നത് പാവപ്പെട്ടവരെ സഹായിക്കാനുള്ള പണം സ്വരൂപിക്കാനുള്ള ഒരു മത്സരമായിരുന്നു. മത്സരത്തിന്റെ ധാർമികത ഉയർത്തിപ്പിടിക്കുന്ന രസകരമായ അനുഭവമായിരുന്നു അത്. ഞാൻ ബോർഡിലെ കരുനിലയ്ക്ക് അനുസരിച്ച് കളിക്കുന്ന വ്യക്തിയാണ്. എല്ലാവരിൽനിന്നും തിരിച്ചും അതുതന്നെയാണ് പ്രതീക്ഷിക്കുന്നത്.' ആനന്ദ് ട്വീറ്റിൽ പറയുന്നു.

അതേസമയം, ഓൾ ഇന്ത്യ ചെസ് ഫെഡറേഷനും നിഖിലിനെതിരേ രംഗത്തെത്തിയിരുന്നു. നിഖിലിന്റെ പ്രവൃത്തി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ഫെഡറേഷൻ സെക്രട്ടറി ഭാരത് ചൗഹാൻ പ്രതികരിച്ചു. 'അതൊരു ചാരിറ്റി മത്സരമായിരുന്നു എന്നത് വളരെ ദൗർഭാഗ്യകരമായ കാര്യമാണ്. ദേശീയ, സംസ്ഥാന തലത്തിലുള്ള മത്സരങ്ങളിൽ ഞങ്ങൾ ചില പ്രോട്ടോക്കോളുകൾ പിന്തുടരുന്നുണ്ട്. അതിനാൽ കമ്പ്യൂട്ടറിൽനിന്ന് സഹായം തേടാൻ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല. അത് തടയാനായി ഞങ്ങൾ ക്യാമറകൾ സ്ഥാപിക്കാറുണ്ട്. ഒപ്പം മൂന്നു ഗ്രാൻഡ് മാസ്റ്റർമാരും രണ്ട് കളിക്കാരും ഉൾപ്പെടുന്ന ഒരു ഫെയർപ്ലേ കമ്മിറ്റിയുമുണ്ടാകും.' ഭാരത് ചൗഹാൻ വാർത്ത ഏജൻസിയായ എ.എൻ.ഐയോട് വ്യക്തമാക്കി.

Content Highlights: Vishwanathan Anand reacts after Zerodhas Nikhil Kamath admits taking help of computers to win chess match