ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിനേയും വിരാട് കോലിയേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍താരം വീരേന്ദര്‍ സെവാഗ്. ടീമില്‍ സ്ഥാനം നഷ്ടപ്പെട്ട ഋഷഭ് പന്തിനെ പിന്തുണച്ച് സംസാരിക്കുന്നതിനിടയിലാണ് സെവാഗ് തുറന്നടിച്ചത്. ഋഷഭ് പന്ത് മാച്ച് വിന്നറാണെന്ന് എപ്പോഴും ആവര്‍ത്തിക്കുന്ന ഇന്ത്യന്‍ ടീം പിന്നെന്തിനാണ് താരത്തെ സ്ഥിരമായി സൈഡ് ബെഞ്ചിലിരുത്തുന്നതെന്ന് സെവാഗ് ചോദിച്ചു. ഇക്കാര്യത്തില്‍ ടീം മാനേജ്‌മെന്റും കളിക്കാരും തമ്മിലുള്ള ആശയവിനിമയം ഫലപ്രദമല്ലെന്നും ഇന്ത്യന്‍ ടീമിന്റെ ഭാവിയെന്ന്‌ വാഴ്ത്തിയ താരത്തെ ഇതുപോലെ തഴയുന്നത് ശരിയല്ലെന്നും സെവാഗ് ചൂണ്ടിക്കാണിച്ചു. ക്രിക്ക്ബസിലെ (Cricbuzz) ഒരു ടോക് ഷോയില്‍ സംസാരിക്കുകയായിരുന്നു സെവാഗ്.

'ടീമിന് പുറത്തുള്ള ഋഷഭ് പന്ത് എങ്ങനെയാണ് റണ്‍സ് നേടുക? സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ നിങ്ങള്‍ ബെഞ്ചിലിരുത്തിയാല്‍ അദ്ദേഹത്തിനും റണ്‍സ് സ്‌കോര്‍ ചെയ്യാനാകില്ല. പന്ത് മാച്ച് വിന്നറാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ അദ്ദേഹത്തെ പുറത്തിരുത്തുന്നതിന്റെ പിന്നിലെ കാരണമെന്താണ്? സ്ഥിരതയില്ല എന്നതാണോ കാരണം?'- സെവാഗ് ചോദിക്കുന്നു.

Read More: ബെയ്‌ലുകള്‍ ഇളകിവീണിട്ടും സ്മിത്ത് ഔട്ടായില്ല; ഇങ്ങനെയുമുണ്ടോ ഭാഗ്യം!

കളിക്കാരുമായി ആശയവിനിമയം നടത്തേണ്ടത് ക്യാപ്റ്റന്റെ ചുമതലയാണെന്നും എന്നാല്‍ വിരാട് കോലി ഇത്തരത്തില്‍ സംസാരിക്കാറുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും സെവാഗ് വ്യക്തമാക്കി. 'ഞങ്ങള്‍ ക്രിക്കറ്റിലുണ്ടായിരുന്ന സമയത്ത് ഒരു താരത്തിന് ഇങ്ങനെ സംഭവിച്ചാല്‍ ക്യാപ്റ്റന്‍ നേരിട്ടുപോയി സംസാരിക്കുന്ന പതിവുണ്ടായിരുന്നു. ഇപ്പോഴത്തെ ടീമില്‍ വിരാട് കോലിക്ക് അങ്ങനെ ഒരു പതിവുണ്ടോ എന്ന് അറിയില്ല. ഇപ്പോഴത്തെ ടീം സംവിധാനവുമായി എനിക്ക് പരിചയമില്ല. ഋഷഭ് പന്തിനോട് കോലി സംസാരിച്ചിരുന്നോ എന്ന് അറിയില്ല. കഴിഞ്ഞ ഏഷ്യാ കപ്പില്‍ കോലിക്ക് പകരം രോഹിത് ശര്‍മ ക്യാപ്റ്റനായിരുന്നപ്പോള്‍ അദ്ദേഹം ഓരോ താരങ്ങളോടും വ്യക്തിപരമായി സംസാരിക്കാറുണ്ടെന്ന് വിവിധ താരങ്ങള്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്.'-സെവാഗ് വ്യക്തമാക്കി.

എം.എസ് ധോനിയുമായി ബന്ധപ്പെട്ട ഒരു സംഭവവും സെവാഗ് ചൂണ്ടിക്കാട്ടി. ഫീല്‍ഡിങ്ങില്‍ വേഗത പോരെന്നുള്ള കാര്യം കളിക്കാരെ അറിയിക്കാതെ ധോനി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയ കാര്യമാണ് സെവാഗ് പങ്കുവെച്ചത്. 'അന്ന് ധോനി, ഞാനും സച്ചിനും ഗംഭീറും ഉള്‍പ്പെടെയുള്ള ടോപ്പ് ഓര്‍ഡറിലെ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഫീല്‍ഡിങ്ങില്‍ വേഗതയില്ലെന്ന പരാതി പറഞ്ഞിരുന്നു. പക്ഷേ ടീം മീറ്റിങ്ങില്‍ ഇതിനെ കുറിച്ച് ധോനി ഞങ്ങള്‍ക്ക് ഒരു സൂചന പോലും തന്നിരുന്നില്ല. നേരെപോയി വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറയുകയാണ് ചെയ്തത്. ഞങ്ങള്‍ മാധ്യമങ്ങളില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞത്. രോഹിത് ശര്‍മയ്ക്ക് സ്ഥാനം ലഭിക്കാനായി റൊട്ടേഷന്‍ രീതി കൊണ്ടുവരാനാണ് ധോനി ഈ പരാതി പറഞ്ഞതെന്ന് ടീമംഗങ്ങള്‍ക്കിടയില്‍ പിന്നീട് സംസാരമുണ്ടായിരുന്നു. അതേ രീതിയാണ് ഇപ്പോഴും സംഭവിക്കുന്നതെങ്കില്‍ അതു തെറ്റാണ്.' സെവാഗ് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യമായിരുന്ന ഋഷഭ് പന്തിന് പെട്ടെന്നാണ് സ്ഥാനം നഷ്ടമായത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ ഋഷഭിന് പരിക്കേറ്റതോടെ കെ.എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറുടെ റോള്‍ ഏറ്റെടുത്തു. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും രാഹുല്‍ മികവ് കാട്ടിയതോടെ അതേ ടീം തുടരാന്‍ കോലി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ന്യൂസീലന്‍ഡിനെതിരായ ട്വന്റി-20യിലും കെ.എല്‍ രാഹുലിനെ പരീക്ഷിച്ചു. ഇതോടെ ഋഷഭ് പന്ത് സ്ഥിരമായി ടീമിന് പുറത്തായി. ഈ സാഹചര്യത്തിലാണ് സെവാഗിന്റെ പ്രതികരണം.

Content Highlights: Virender Sehwag supports Rishabh Pant Virat Kohli MS Dhoni