ആന്റിഗ്വ: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ആന്റിഗ്വയില്‍ ഒരു അപൂര്‍വ അഭിമുഖം നടന്നു. വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്സും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും തമ്മിലായിരുന്നു ഈ അഭിമുഖം. കോലി ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ വിവിയന്‍ റിച്ചാര്‍ഡ്സ് ഉത്തരം പറഞ്ഞു.
ഹെല്‍മെറ്റ് ധരിക്കാതെ ഇത്ര നിര്‍ഭയനായി ച്യൂയിഗംവും ചവച്ച് എങ്ങനെ ബാറ്റ് ചെയ്യാനായി എന്നതായിരുന്നു കോലിക്ക് ആദ്യം അറിയേണ്ടിയിരുന്നത്. ഹെല്‍മെറ്റ് ഇണങ്ങാത്തതിനാലാണ് വെസ്റ്റിന്‍ഡീസ് താരം അതൊഴിവാക്കിയത്. പകരം മെറൂണ്‍ തൊപ്പി വെച്ച് കളിക്കും. അത് അഭിമാനമായിട്ടാണ് അദ്ദേഹം കാണുന്നത്. ഇനി ബൗണ്‍സറേറ്റ് പരിക്കേറ്റാലും അതിനെ അതിജീവിക്കാമെന്ന ആത്മവിശ്വാസമുണ്ടയാരുന്നെന്നും വിന്‍ഡീസ് താരം പറയുന്നു.
ഒരിക്കലും ഡ്രസ്സിങ് റൂമില്‍ നിന്ന് ഗ്രൗണ്ടിലേക്ക് നടക്കുമ്പോള്‍ പേടി തോന്നിയിട്ടില്ലെന്നും വിവിയന്‍ റിച്ചാര്‍ഡ്സ് പറയുന്നു. ക്രിക്കറ്റില്‍ എപ്പോഴും ആധിപത്യമുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും ആ ആത്മവിശ്വാസമാണ് ഒട്ടും കൂസലില്ലാതെ ക്രീസില്‍ നില്ക്കാന് സഹായിച്ചതെന്നും വിന്‍ഡീസ് താരം വ്യക്തമാക്കുന്നു. ഉള്ളിലുള്ള കരുത്തില്‍ എപ്പോഴും വിശ്വാസമുണ്ടായിരുന്നു. എന്റെ കഴിവുകള്‍ അതിന്റെ പരമാവധിയില്‍ പുറത്തെടുക്കുകയായിരുന്നു ലക്ഷ്യം. വിവ് റിച്ചാര്‍ഡ്സ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Virat Kohli Vivian Richards Interview