ന്യുഡല്‍ഹി: ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ യുഎഇയിലും ഒമാനിലും നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് വിരാട് കോലി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ തീരുമാനം ആരാധകരുമായി പങ്കുവച്ചത്.

ടീമിനെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ബാറ്റ്‌സ്മാനായും ക്യാപ്റ്റനെന്ന നിലയിലും ഏകദിന, ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് വിരാട് കോലി പറയുന്നു. ഈ സുപ്രധാന തീരുമാനത്തിലെത്തുന്നതിന് മുമ്പ് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുമായും രോഹിത്ത് ശര്‍മ്മയുമായും ദീര്‍ഘനേരം ചര്‍ച്ചകള്‍ നടത്തി.

''എന്റെ അടുത്ത സുഹൃത്തുക്കളായ രവി ഭായ്, രോഹിത് എന്നിവരുമായുള്ള ഒരുപാട് ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം, ഒക്ടോബറില്‍ ദുബായില്‍ നടക്കുന്ന ടി 20 ലോകകപ്പിന് ശേഷം ഞാന്‍ ടി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ ഞാന്‍ തീരുമാനിച്ചു'' ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവെച്ച കുറിപ്പില്‍ വിരാട് കോലി പറഞ്ഞു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, സെലക്ടര്‍മാര്‍ എന്നിവരുമായും ഇത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് മുമ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നിരുന്നാലും, ഒരു കളിക്കാരനെന്ന നിലയില്‍ താന്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമായി തുടരുമെന്ന് കോലി സ്ഥിരീകരിച്ചു.

Content Highlights: Virat kohli to step down as Indian T20 captain after t20 world cup in dubai