മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഡി.ആര്‍.എസ് തീരുമാനത്തിനെതിരേ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മൂന്നാം അമ്പയര്‍ ക്യാച്ച് നിഷേധിച്ചതിനെതിരെയാണ് കോലി രംഗത്തുവന്നത്. മത്സരത്തിന്റെ 44-ാം ഓവറില്‍ ചാഹലിന്റെ പന്തില്‍ ആഷ്ടണ്‍ ടര്‍ണറെ, ഋഷഭ് പന്ത് ക്യാച്ച് ചെയ്തിരുന്നു. എന്നാല്‍ ഈ ക്യാച്ച് ഫീല്‍ഡ് അമ്പയര്‍ നിഷേധിച്ചു.

തുടര്‍ന്ന് ഇന്ത്യ തീരുമാനം റിവ്യൂ ചെയ്തു. പക്ഷേ മൂന്നാം അമ്പയറും നോട്ടൗട്ട് വിധിച്ച് ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെയ്ക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ പന്ത് ബാറ്റില്‍കൊണ്ടിരുന്നു. ആ സമയത്ത് ടര്‍ണറുടെ സ്‌കോര്‍ 41 റണ്‍സായിരുന്നു. പിന്നീട് 43 പന്തില്‍ 84 റണ്‍സടിച്ച് ടര്‍ണര്‍ ഓസീസിന്റെ വിജയത്തില്‍ നിര്‍ണായകമാകുകയും ചെയ്തു. 

മത്സരശേഷം അമ്പയറുടെ ഈ തെറ്റായ തീരുമാനത്തെ കോലി ചോദ്യം ചെയ്തു. വാര്‍ത്താസമ്മേളനത്തിലായിരുന്നു കോലിയുടെ പ്രതികരണം. 'അത് ഔട്ടല്ലെന്ന് വിധിച്ച അമ്പയറുടെ തീരുമാനം ഞങ്ങളെ അദ്ഭുതപ്പെടുത്തി. ഡി.ആര്‍.എസ് സംവിധാനം എല്ലാ മത്സരങ്ങളിലും ചര്‍ച്ചയാവുകയാണ്. ഡി.ആര്‍.എസ് തീരുമാനങ്ങളില്‍ സ്ഥിരതയില്ല. ടര്‍ണറുടെ വിക്കറ്റ് മത്സരത്തില്‍ നിര്‍ണായകമായിരുന്നു.' കോലി വ്യക്തമാക്കി. 

റാഞ്ചി ഏകദിനത്തിലും ഡി.ആര്‍.എസ് ചര്‍ച്ചാവിഷയമായിരുന്നു. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ ഡി.ആര്‍.എസിലൂടെ ഔട്ട് വിളിച്ചതായിരുന്നു അന്നത്തെ വിവാദം. 

Content Highlights: Virat Kohli stunned by game changing DRS controversy