ഹാമില്‍ട്ടണ്‍: അമേരിക്കന്‍ ബാസ്‌കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ അപകടമരണത്തില്‍ നിന്ന് കായികലോകം ഇനിയും മുക്തരായിട്ടില്ല. ഇപ്പോഴും ആ മരണം തന്ന ഞെട്ടലിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ജീവിതത്തില്‍ ശാശ്വതമായി ഒന്നുമില്ലെന്ന് ഇത്തരം ദുരന്തങ്ങള്‍ നമുക്ക് മനസിലാക്കിത്തരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഹാമില്‍ട്ടണില്‍ ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തിന് മുമ്പ് മാധ്യമങ്ങളെ കാണുകയായിരുന്നു കോലി. കോബി ബ്രയാന്റിന്റെ മരണവാര്‍ത്ത ഒരു ഷോക്കായിരുന്നുവെന്ന് പറഞ്ഞ കോലി, കണ്ടുകൊണ്ടിരുന്ന ഒരാള്‍ പെട്ടെന്ന് ഇത്തരത്തില്‍ കടന്നുപോകുമ്പോള്‍ അത് നിങ്ങളുടെ കാഴ്ചപ്പാടുകളെ പോലും മാറ്റിക്കളയുമെന്നും കൂട്ടിച്ചേര്‍ത്തു.

'ജീവിതം പലപ്പോഴും അസ്ഥിരമാണ്. അതോടൊപ്പം പ്രവചനാതീതവും. നാളെ ചെയ്യേണ്ട കാര്യങ്ങളുടെ സമ്മര്‍ദങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണ് പലപ്പോഴും നമ്മള്‍. അതിനിടയ്ക്ക് നമ്മള്‍ ഇന്നത്തെ ജീവിതത്തെക്കുറിച്ചും അത് ആസ്വദിക്കാനും മറന്നുപോകുന്നു. എന്നാല്‍ ഇതുപോലുള്ള ദുരന്തങ്ങള്‍ ജീവിതത്തില്‍ ഒന്നും ശാശ്വതമല്ലെന്ന് നമ്മെ മനസിലാക്കിത്തരികയാണ്'', കോലി പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി 26-നാണ് കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ കോബി ബ്രയാന്റും മകള്‍ ജിയാനയും ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടത്. മകള്‍ ജിയാനയെ ബാസ്‌കറ്റ് ബോള്‍ പരിശീലനത്തിന് കൊണ്ടുപോകുംവഴിയായിരുന്നു അപകടം.

Content Highlights: Virat Kohli still 'shocked' over Kobe Bryant’s death