ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഇഷ്ടമല്ലെന്ന് പറഞ്ഞ ആരാധകന് വിരാട് കോലി കൊടുത്ത മറുപടി വലിയ വിവാദത്തിന് വഴിവച്ചു. കോലിയുടെ ബാറ്റിങ്ങില്‍ ഒരു പ്രത്യേകതയുമില്ലെന്നും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരേക്കാള്‍ ഓസ്‌ട്രേലിയയുടേയും ഇംഗ്ലണ്ടിന്റേയും ബാറ്റ്‌സ്മാന്‍മാരുടെ കളിയാണ് താന്‍ ആസ്വദിക്കാറുള്ളതെന്നുമായിരുന്നു ആരാധകന്റെ കമന്റ്. ഇന്ത്യ വിട്ട് വേറെ എവിടേയെങ്കിലും പോയി ജീവിക്കൂ എന്നായിരുന്നു കോലി ഇതിന് നല്‍കിയ മറുപടി. സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകള്‍ വായിക്കുന്നതിനിടയിലാണ് കോലി ആരാധകന് ഇത്തരത്തില്‍ മറുപടി കൊടുത്തത്. 

'വിരാട് കോലിക്ക് എല്ലാവരും അമിതപ്രാധാന്യം കൊടുക്കുകയാണ്. അദ്ദേഹത്തിന്റെ ബാറ്റിങ്ങില്‍ ഒരു പ്രത്യേകതയുമില്ല. ഇന്ത്യന്‍ താരങ്ങളേക്കാള്‍ ഇംഗ്ലണ്ടിന്റേയും ഓസ്‌ട്രേലിയയുടേയും താരങ്ങളുടെ ബാറ്റിങ്ങാണ് ഞാന്‍ ആസ്വദിക്കാറുള്ളത്' ഇതായിരുന്നു ആരാധകന്റെ കമന്റ്. എന്നാല്‍ കോലിക്ക് ഇത് അത്ര രസിച്ചില്ല. 'നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടവനാണെന്ന് ഞാന്‍ കരുതുന്നില്ല, ഇന്ത്യയില്‍ നിന്ന് പോയി വേറെ എവിടേയെങ്കിലും ജീവിക്കു. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് നിങ്ങള്‍ മറ്റുള്ള രാജ്യങ്ങളിലെ താരങ്ങളെ സ്‌നേഹിക്കുന്നതെന്തിനാണ്? നിങ്ങള്‍ എന്നെ ഇഷടപ്പെടുന്നില്ല എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. നിങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് മറ്റു രാജ്യങ്ങളിലെ കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.' ഇതായിരുന്നു കോലിയുടെ മറുപടി. 

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് ഇന്ത്യന്‍ ക്യാപ്റ്റനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇന്ത്യന്‍ ടെന്നീസ് താരങ്ങളേക്കാള്‍ റോജര്‍ ഫെഡററെ ഇഷ്ടപ്പെടുന്ന കോലി അങ്ങനെയെങ്കില്‍ ഇന്ത്യ വിട്ടുപോകേണ്ടേ എന്നാണ് ഒരു ആരാധകന്റെ ചോദ്യം. നിങ്ങള്‍ പാകിസ്താനിലേക്ക് പോകൂ എന്നു പറയുന്ന പോലെയാണ് കോലിയും സംസാരിക്കുന്നതെന്നായിരുന്നു മറ്റൊരു കമന്റ്.

Content Higlights: Virat Kohli slammed for saying don’t live in India if you like other countries’ cricketers