മുംബൈ: ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഋഷഭ് പന്തിന് മറികടന്ന് ദിനേശ് കാര്‍ത്തിക് ടീമില്‍ ഇടം നേടിയിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. എന്തുകൊണ്ട് ദിനേശ് കാര്‍ത്തിക്കിനെ ടീമിള്‍ ഉള്‍പ്പെടുത്തി എന്നത് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ദിനേശ് കാര്‍ത്തിക്കിന്റെ അനുഭവസമ്പത്തും ആത്മസംയമനവുമാണ് അദ്ദേഹത്തെ ടീമിലെടുക്കാന്‍ കാരണമെന്ന് വിരാട് കോലി വ്യക്തമാക്കി. പതിനഞ്ചംഗ ടീമില്‍ ഒന്നാമത്തെ വിക്കറ്റ് കീപ്പര്‍ എം.എസ് ധോനി ആണ്. ധോനിക്ക് പരിക്കേറ്റാല്‍ പകരം വിക്കറ്റ് കീപ്പറാകാനാണ് ദിനേശ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

'സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ കാര്‍ത്തിക് ആത്മസംയമനം പാലിക്കാറുണ്ട്. ഇത് ടീമിനെ തിരഞ്ഞെടുത്ത ബോര്‍ഡ് അംഗങ്ങള്‍ക്കെല്ലാം ബോധ്യപ്പെട്ട കാര്യമാണ്. അദ്ദേഹത്തിന് അനുഭവസമ്പത്തുമുണ്ട്. അഥവാ ധോനിക്ക് എന്തെങ്കിലും പരിക്കേറ്റാല്‍ ആ സ്ഥാനത്തിന് ഏറ്റവും യോജിച്ചത് ദിനേശ് കാര്‍ത്തിക്കാണ്.' കോലി പറയുന്നു.

2004-ലാണ് കാര്‍ത്തിക് ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഏകദിനത്തില്‍ ഇന്ത്യക്കായി 91 മത്സരങ്ങളും കളിച്ചു. ഏതു ബാറ്റിങ് പൊസിഷനിലും കളിക്കാനാകുമെന്നും തെളിയിച്ചു.

Content Highlights: Virat Kohli reveals why Dinesh Karthik was picked ahead of Rishabh Pant ICC Cricket World Cup 2019